കൊടുങ്ങല്ലൂർ: ശ്രീലങ്കയിൽനിന്ന്‌ ലക്ഷദ്വീപ് ലക്ഷ്യമാക്കി തീവ്രവാദികളെത്തുന്നുവെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ജില്ലയിലെ കടലോരത്ത് ഏർപ്പെടുത്തിയിട്ടുള്ള കാവലും നിരീക്ഷണവും ഏതാനും ദിവസംകൂടി തുടരും.

അഴീക്കോട് മുതൽ പൊന്നാനി വരെയുള്ള തീരദേശത്തെ മുപ്പതിലധികം കടവുകളിലും അഴീക്കോട്, ചാവക്കാട് അഴിമുഖങ്ങളിലും തീരദേശപോലീസും കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കടലോരജാഗ്രതാസമിതി, കടൽ വാർഡൻമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരും അതീവജാഗ്രത പുലർത്തിവരുകയാണ്.

ശ്രീലങ്കയിൽനിന്ന്‌ വെള്ളനിറമുള്ള ബോട്ടിൽ 15 അംഗ ഐ.എസ്. തീവ്രവാദിസംഘം പുറപ്പെട്ടതായാണ് രഹസ്യസന്ദേശം ലഭിച്ചിട്ടുള്ളത്. ഇവരുടെ ലക്ഷ്യം കേരളം, തൂത്തുക്കുടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളാകാനുള്ള സാധ്യതയും രഹസ്യാന്വേഷണവിഭാഗം തള്ളുന്നില്ല. ബോട്ടിന്റെ നിറം മാറ്റി മീൻപിടിത്ത ബോട്ടുകളുടെ നിറത്തിലാക്കാനും മത്സ്യത്തൊഴിലാളികളെന്ന വ്യാജേന തീരത്തണയാനുമുള്ള സാധ്യത കണക്കിലെടുത്ത് അഴിമുഖം വഴി കരയിലേക്ക് എത്തുന്ന മീൻപിടിത്ത ബോട്ടുകളും നിരീക്ഷണത്തിലാണ്.

Content Highlights: terrorist threat in kerala, coastal area, kodungallur, thrissur, intensify security protection, intelligence report, sri lanka bomb blast, attack, ISIS