P Mohanan
കോഴിക്കോട്: ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ആവിക്കലില്‍നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കണ്ടെത്തല്‍ സിപിഎം നേരത്തെ പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണെന്നും മോഹനന്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പെടെ സമരത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അര്‍ബണ്‍ മാവോയിസ്റ്റ് വിഭാഗത്തിന്റെ സാന്നിധ്യം നേരത്തെ നഗരത്തില്‍ സംശയിക്കപ്പെട്ടിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവര്‍ ആവിക്കലില്‍ പിടിയിലായതോടെ അക്കാര്യം സ്ഥിരീകരിക്കുകയാണ്. രാജ്യത്ത് മാവോയിസ്റ്റുകള്‍ ശിഥിലമായി വരുകയാണ്. അത്തരമൊരു ഘട്ടത്തില്‍ ഇസ്സാമിസ്റ്റ് വിപ്ലവത്തിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് നേരത്തെ മാവോയിസ്റ്റ് നേതാവായ ഗണപതി പറഞ്ഞിരുന്നു. അത്തരമൊരു അന്തര്‍ധാരയുടെ ഭാഗമായാണ് ചില മത തീവ്രവാദ മൗലികവാത പ്രസ്ഥാനങ്ങളുമായി മാവോയിസ്റ്റുകള്‍ ബന്ധം പുലര്‍ത്തുന്നത്. തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ആവിക്കല്‍ സമരത്തില്‍ സിപിഎം നേരത്തെ പറഞ്ഞതാണ്. അവരുടെ പിന്തുണയോടെ നടക്കുന്ന സമരം ഗൗരവമേറിയ വിഷയമാണെന്നും മോഹനന്‍ പറഞ്ഞു.
സമരം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന യുഡിഎഫ് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണം. മാലിന്യമില്ലാത്ത കോഴിക്കോട് എന്നത് നാടിന്റെ സ്വപ്‌നമാണ്. ആ സ്വപ്‌ന പദ്ധതി അട്ടിമറിക്കുന്നതിന് മാവോയിസ്റ്റും തീവ്രവാദികളുമായി ഒത്തുചേരുമ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ യുഡിഎഫ് നില്‍ക്കേണ്ടതുണ്ടോയെന്ന് അവര്‍ പുനപരിശോധിക്കണം. വികസനത്തെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രതയോടെ ഒന്നിച്ചുനില്‍ക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.
ആവിക്കലിലെ മലിനജലസംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കാനെത്തിയ മൂന്ന് യുവാക്കളെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. മൂന്നുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട മാവോവാദി സി.പി. ജലീലിന്റെ സഹോദരന്‍ മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി സി.പി. നഹാസ് റഹ്മാന്‍, നിലമ്പൂര്‍ ഏരിക്കുന്നുമ്മല്‍ ഷനീര്‍, കക്കോടി കൊളങ്ങരവയല്‍ ഭഗത്ദിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മാവോവാദി അനുകൂല യുവജനസംഘടനയായ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികളാണിവര്‍. നഹാസിന്റെയും ഷനീറിന്റെയും പേരില്‍ നേരത്തേയും കേസുകളുണ്ടായിരുന്നു. യു.എ.പി.എ.യും ചുമത്തിയിരുന്നു. നിലവില്‍ പിടികിട്ടാപ്പുള്ളികളൊന്നുമല്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
Content Highlights: terrorist organizations are behind avikkal strike says p mohanan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..