കൊച്ചി: ലഷ്‌കര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തമിഴ്‌നാട് പോലീസ്, എന്‍ഐഎ എന്നീ സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. തൃശ്ശൂര്‍ സ്വദേശിക്കൊപ്പമെത്തിയ ബത്തേരി സ്വദേശിനിയായ യുവതിയെയും ചോദ്യം ചെയ്യുന്നുണ്ട്. 

ഇതിനിടെ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ എട്ടുപേരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ കോയമ്പത്തൂരില്‍ നിന്നും ആറുപേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള തൃശ്ശൂര്‍ സ്വദേശിയുമായി ബന്ധമുള്ളവരെയാണ് തമിഴ്‌നാട്ടില്‍ പിടികൂടിയതെന്നാണ് വിവരം.

ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗമാണ് ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് എത്തിയതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ സ്വദേശി ബഹ്‌റൈനിലാണ് ജോലി ചെയ്യുന്നത്. ഒരുമാസം മുമ്പ് പോയി വന്നതാണെങ്കിലും അടുത്തിടെ പോയി വന്നതിന് ശേഷമാണ് ദുരൂഹതകള്‍ തുടങ്ങുന്നത്. ഇയാള്‍ ഇന്ത്യയിലെത്തിയത് ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗമാണോ എന്ന് അന്വേഷിച്ചറിയാനാണ് എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശ്രമിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ ഇയാള്‍ നിഷേധിക്കുന്നുണ്ട്. അതേസമയം വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസറ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് പോലീസിന്റെ നിലപാട്.

Content Highlights: NIA, Tmilnadu Police and Kerala Police Team investigate this case