കോട്ടയം: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കകയും ചെയ്തവര്‍ ഒളിച്ചു താമസിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും ശേഷം തിരികെ എത്തി കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴ് പേര്‍ ഒളിച്ചു താമസിക്കുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള  മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തിയത്. 

മാതൃസാഗ എന്ന വാട്‌സ്ഗ്രൂപ്പിലാണ് ഈ വാര്‍ത്ത ആദ്യമായി വന്നത്. തുടര്‍ന്ന് പള്ളിഭാരവാഹികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയ മാണിക്കുന്നല്‍ സ്വദേശി ജിതിന്‍ ഉള്‍പ്പെടെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം വ്യാജവാര്‍ത്ത നൂറിലധികം ഗ്രൂപ്പുകളില്‍ പ്രചരിച്ചതായാണ് വിവരം. 

Content Highlights: ten people arrested for spreading fake news in Kottayam