കൊച്ചി: കളമശ്ശേരിയില്‍ 17-കാരനെ മര്‍ദിച്ച കേസിലെ പ്രതികളിലൊരാള്‍ തൂങ്ങി മരിച്ച നിലയില്‍. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് മര്‍ദിച്ചുവെന്ന് ആക്ഷേപമുണ്ട്. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുട്ടികളെ മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും മരിച്ച കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരിയില്‍ 17-കാരനെ ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ച് മര്‍ദിച്ചത്. ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം ഇയാളെക്കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്.
കേസില്‍ ഏഴ് പേരേയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്കാണ് കേസ് കൈമാറിയത്.
17-കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം, അവശനായിട്ടും ഡാന്‍സ് കളിപ്പിച്ചു; ഏഴ് പേരും പിടിയില്‍
ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന സംഭവം പുറംലോകമറിഞ്ഞത്. മര്‍ദനമേറ്റ 17-കാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: teen brutally thrashed by gang in Kalamassery