ടെക്നോപാർക്ക് | Photo - Mathrubhumi archives
തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ തോന്നയ്ക്കലിലെ നാലാം കാമ്പസില്‍ മിനി ടൗണ്‍ഷിപ്പിനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഒരേ കാമ്പസില്‍ ജോലി, ഷോപ്പിങ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍മുടക്കിലാണ് ക്വാഡ് എന്ന പേരില്‍ പദ്ധതി പൂര്‍ത്തിയാക്കുക. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി 5.5 ഏക്കറില്‍ ഏകദേശം 381 കോടി രൂപ മുതല്‍മുടക്കില്‍ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐ.ടി ഓഫീസ് കെട്ടിടം ടെക്നോപാര്‍ക്ക് നിര്‍മിക്കും. ടെക്നോപാര്‍ക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ വായ്പ എടുത്തോ പൂര്‍ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നല്‍കും. 6000 ഐ.ടി. വിദഗ്ധരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും.
5.60 ഏക്കറില്‍ 350 കോടി രൂപ ചെലവിലാണ് ഒമ്പതുലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യം ഒരുക്കുക. 4.50 ഏക്കറില്‍ 400 കോടി രൂപ മുതല്‍മുടക്കില്‍ എട്ടുലക്ഷം ചതുരശ്രഅടി ഓഫീസ് സമുച്ചയവും നിര്‍മിക്കും. 6000 ഐ.ടി. വിദഗ്ധര്‍ക്ക് ഇവിടെയും തൊഴില്‍ നല്‍കാനാകും. റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് 10.60 ഏക്കറില്‍ 450 കോടി രൂപ മുതല്‍മുടക്കിലാണ് വരുക. 14 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമാണ് ഇതിനുണ്ടാവുക.
പദ്ധതിയിലെ വാണിജ്യ, പാര്പ്പിടകെട്ടിടങ്ങള് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി കണ്‍വീനറും ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായി സമിതി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Technopark mini township
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..