ഇലക്ട്രിക് ബസ് | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി
തിരുവനന്തപുരം: ഓടിത്തുടങ്ങി രണ്ടാംദിനം സ്വിഫ്റ്റ് ഇലക്ട്രിക് ബസ് വഴിയിലായി. ബ്ലൂ സർക്കിൾ ബസാണ് വൈകീട്ട് തമ്പാന്നൂരിലേക്കുള്ള യാത്രയിൽ പനവിളയിൽവെച്ച് കേടായത്. ബാറ്ററി തകരാറാണെന്ന് ജീവനക്കാർ പറഞ്ഞു. പൂർണമായും ചാർജ് ചെയ്താണ് ബസ് നിരത്തിൽ ഇറക്കിയിരുന്നത്. ഓഫാകുന്ന സമയത്ത് 50 ശതമാനത്തിനുമേൽ ചാർജുണ്ടായിരുന്നു. ബാറ്ററി തകരാർ എന്ന സന്ദേശം കാണിച്ചശേഷം ബസ് നിൽക്കുകയായിരുന്നു.
വെള്ളം കയറി സാങ്കേതിക തകരാർ സംഭവിച്ചതാണോ എന്നും സംശയമുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ റിക്കവറി വാൻ ഉപയോഗിച്ച് ബസ് ഡിപ്പോയിലേക്കു മാറ്റി. പി.എം.ഐ. ഫോട്ടോൺ എന്ന കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയത്. അറ്റകുറ്റപ്പണിക്ക് ഉൾപ്പെടെ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. കമ്പനി ജീവനക്കാരാണ് ബസിന്റെ തകരാർ പരിഹരിക്കുന്നത്.
നഗരംചുറ്റാൻ 23 ഇലക്ട്രിക് ബസുകൾ
തിരുവനന്തപുരം: നഗരത്തിലെ ചെറുവഴികളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിരുന്ന കെ.എസ്.ആർ.ടി.സി.യുടെ വലിയ സിറ്റി ബസുകൾക്കു പകരം പുത്തൻതലമുറ ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങി. ഒമ്പതുമീറ്റർ നീളമുള്ള 23 ബസുകളാണ് നിരത്തിൽ ഇറങ്ങിയിട്ടുള്ളത്. വീതി കുറഞ്ഞ വഴികളിലൂടെ അനായാസം കടന്നുപോകും. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽനിന്ന് 12, പേരൂർക്കടയിൽനിന്ന് 10 ഷെഡ്യൂളുകളാണുള്ളത്. 25 എണ്ണം കൂടി ഇനിയെത്തും.
ഡീസൽ ബസിന്റെ ശബ്ദമോ വിറയലോ ഇലക്ട്രിക് ബസുകൾക്കില്ല. പുകതള്ളി അന്തരീക്ഷം മലിനമാക്കില്ല. ഒരു ട്രിപ്പിന് 10 രൂപയാണ് മിനിമം ചാർജ്. തിങ്കളാഴ്ച സൗജന്യയാത്ര അനുവദിച്ചിരുന്നു. ആദ്യമായിട്ടല്ല നഗരത്തിൽ ഇലക്ട്രിക് ബസുകൾ ഓടുന്നത്. നേരത്തെ കെ.എസ്.ആർ.ടി.സി. വാടകയ്ക്ക് എടുത്ത ഇലക്ട്രിക് എ.സി. ബസുകൾ ഇവിടെ ഓടിച്ചിരുന്നു. ഇപ്പോൾ എത്തിയിട്ടുള്ളത് എ.സി. ഇല്ലാത്ത ബസുകളാണ്. ഇവയ്ക്ക് കൂടുതൽ മൈലേജ് ലഭിക്കും.
വികാസ്ഭവൻ, പാപ്പനംകോട് ഡിപ്പോകളിൽ ബസുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രിയും, യാത്രക്കാർ കുറവുള്ള ഉച്ചസമയത്തുമാകും ബസുകൾ ചാർജ് ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..