തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര് പരിപാലനത്തിന് പ്രൈവറ്റ് ഏജന്‍സിക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്ന് കണ്ടെത്തല്‍. അരക്കോടി രൂപയില്‍ കൂടുതലുള്ള ഐ.ടി. പ്രോജക്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും 2024-ലെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. നാലുവര്‍ഷ കാലാവധികഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പുനഃസംഘടിപ്പിക്കാതെ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തുടരുന്നതായ ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
സര്‍വ്വകലാശാല കെല്‍ട്രോണിന് ഇ- ഗവര്‍ണന്‍സിന് നല്കിയ കരാര്‍ സര്‍വ്വകലാശാലയുടെ അനുമതി കൂടാതെ കെല്‍ട്രോണ്‍ ഓസ്പിന് ടെക്നോളജി എന്ന ഒരു സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കുകയും അവര്‍ നിയോഗിക്കുന്ന ജീവനക്കാരുടെ യോഗ്യതയും കഴിവും സര്‍വകലാശാല പരിശോധിക്കാതെയും സര്‍വ്വകലാശാലയുടെ യാതൊരു മേല്‍നോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്വെയര് ജോലികള്‍ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നും എ.ജിയുടെ കണ്ടെത്തല്‍ സംബന്ധിച്ച വിവരാവകാശരേഖയില്‍ വ്യക്തമാവുന്നു.
സിന്‍ഡിക്കേറ്റ് മെമ്പറായ പി.കെ. ബിജു എ.കെ.ജി. സെന്ററിലേക്കും സി.ഐ.ടി.യു. ഓഫീസിലേക്കും പോകുന്നതിനായി സാങ്കേതിക സര്‍വ്വകലാശാലയുടെ വാഹനങ്ങള്‍ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായും സ്റ്റാട്യൂട്ടറി ഉദ്യോഗസ്ഥന്മാര് ഉപയോഗിക്കേണ്ട സര്‍വ്വകലാശാല വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കണ്‍ട്രോളിങ് ഓഫീസറായി നിയമിച്ചിരിക്കുന്നത് ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനെയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ വി.സി. ഡോ. രാജശ്രീയും പ്രോവൈസ് ചാന്‍സലര്‍ ഡോ. അയ്യൂബും ചട്ടവിരുദ്ധമായി വീട്ടുവാടക ബത്തയും ശമ്പളപരിഷ്കരണ കുടിശ്ശികയുമായി 18 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയതായി എ.ജി. കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണന് ശമ്പള കുടിശ്ശിക ഇനത്തില്‍ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കല്‍ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും 18% പലിശയോട് കൂടി തുക ഈടാക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയും കൃത്യത ഇല്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തലുണ്ട്. സി.പി.എം. സംഘടനാ നേതാവ് കൈപ്പറ്റിയ തുക തിരിച്ചുവാങ്ങാന്‍ സര്‍വ്വകലാശാല ഇതുവരെ തയ്യാറായിട്ടില്ല. എംപ്ലോയമെന്റ് എക്സ് ചേഞ്ച്ലൂടെയല്ലാതെ കരാര്‍ ജീവനക്കാരെ സി.എന്‍.വി. ആക്ടിനു വിരുദ്ധമായി നേരിട്ട് നിയമിച്ചതും അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധികമായ വേതനമായി 9.25 കോടി രൂപ നല്കിയതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം നടത്താനും സാമ്പത്തിക ക്രമക്കേടുകള്‍ തടയാനും വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. റിപ്പോര്‍ട്ട് വി.സിക്ക് കൈമാറാതെ പൂഴ്ത്തിവച്ചതായും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിച്ചു.
Content Highlights: Kerala Tech Univ: ₹7 Crore Software Deal Under Scrutiny
Published: 18 Jan 2025, 02:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented