കല്പറ്റ: മണ്ണുംമഴയും കവർന്നുകൊണ്ടു പോയവരെ തിരയാൻ പതിനേഴുദിവസം കൈമെയ് മറന്ന് പരിശ്രമിച്ച ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ‘മാതൃഭൂമി’യുടെ യാത്രയയപ്പ്. ഉരുൾപൊട്ടിയ പുത്തുമലയിൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്ന എൺപതംഗ സംഘത്തിന് ശനിയാഴ്ച രാത്രിയാണ് യാത്രയയപ്പ് ഒരുക്കിയത്. സാധാരണ ദുരന്തമുഖങ്ങളിൽനിന്ന് തിരിച്ചുപോവുമ്പോൾ ആരും തങ്ങളെ ഇങ്ങനെ യാത്രയാക്കിട്ടില്ലെന്നും ‘മാതൃഭൂമി’യുടെ സ്നേഹം എന്നും മനസ്സിൽ സൂക്ഷിക്കുമെന്നും ടീം ലീഡർ ഡെപ്യൂട്ടി കമാൻഡന്റ് ടി.എം. ജിതേഷും ടീം കമാൻഡർ എ.കെ. അമറും പറഞ്ഞു.

ആർക്കോണത്തെ നാലാംബറ്റാലിയനിൽനിന്ന് നൂറുപേരാണ് ഉരുൾപൊട്ടിയ ഓഗസ്റ്റ് എട്ടിന് രാത്രി വയനാട്ടിലെത്തിയത്. പിറ്റേന്ന് പുലർച്ചെ മുതൽ പുത്തുമലയിൽ തിരച്ചിലിനിറങ്ങി. അഞ്ചുസംഘങ്ങളിൽ മൂന്നെണ്ണം പുത്തുമലയിലും ഓരോ സംഘംവീതം മാനന്തവാടിയിലും പനമരത്തും ക്യാമ്പ് ചെയ്തു. പിന്നീട് ഒരു സംഘം കൂടിയെത്തിയപ്പോൾ ആദ്യമുണ്ടായിരുന്നവരിൽ ഒരു സംഘം നേരത്തേ മടങ്ങി. ശേഷിക്കുന്ന എൺപതുപേരാണ് ഞായറാഴ്ച രാവിലെ റോഡ് മാർഗം ചെന്നൈക്ക്‌ തിരിച്ചത്.

ദുരിതഭൂമിയിൽ കഠിനമായി പ്രയത്നിച്ചവർക്ക് യാത്രയയപ്പു നൽകാനുള്ള ‘മാതൃഭൂമി’യുടെ മനസ്സിനെ എത്ര പ്രശംസിച്ചാലും അധികമാവില്ലെന്ന് യോഗത്തിൽ സബ്കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും ദുരന്തനിവാരണ സേനയിലുണ്ട്. ആ അർഥത്തിൽ രാജ്യം മുഴുവനാണ് മേപ്പാടിയിലെ അപകടമേഖലയിൽ എത്തിയത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃഭൂമിയുടെ ‘സ്നേഹഭൂമി’ പദ്ധതിക്ക്‌ മികച്ച ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ‘മാതൃഭൂമി’ ചീഫ് മാനേജർ (പബ്ലിക് റിലേഷൻസ്) കെ.ആർ. പ്രമോദ് പറഞ്ഞു. മേപ്പാടിയിൽ നൂറുവീട് വെയ്ക്കാനുള്ള സ്ഥലം തയ്യാറാവുകയാണ്.

ജില്ലാ പഞ്ചായത്തംഗം പി.കെ. അനിൽകുമാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, തഹസിൽദാർ ടി.പി. ഹാരിസ്, ലൈഫ്മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ സിബി വർഗീസ്, റെയിഞ്ച് ഓഫീസർ കെ.ആസിഫ്, ഡോ. ബി. അഭിലാഷ്, തുടങ്ങിയവർ സംസാരിച്ചു.

ഒരിക്കലും മറക്കില്ല-കനയ്യ

പുത്തുമലയിലെ തിരച്ചിലും ‘മാതൃഭൂമി’യുടെ യാത്രയയപ്പും ഒരിക്കലും മറക്കില്ലെന്ന് ദുരന്തനിവാരണ സേനാംഗം കനയ്യ. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി കേരളത്തിന്റെ മനസ്സിൽ ഓടിക്കയറിയ ആളാണ് കനയ്യ. കഴിഞ്ഞവർഷം ഒരു പിഞ്ചുകുഞ്ഞിന്റെ പ്രാണൻ രക്ഷിക്കാനായി. എന്നാൽ ഇത്തവണ അത്രയും പ്രായമുള്ള ഒരു കുഞ്ഞിന്റെ മൃതദേഹം കാണേണ്ടിവന്നു. അതാണ് കനയ്യയുടെ സങ്കടം.

ഒരിക്കലും മറക്കാത്ത അനുഭവമാണ് പുത്തുമലയിലേതെന്ന് എൻ.ഡി.ആർ.എഫ്. സംഘത്തിന് നേതൃത്വം നൽകിയ ടി.എം. ജിതേഷും എ.കെ. അമറും പറഞ്ഞു. ഇളകിയമണ്ണും ഒഴുകുന്ന വെള്ളവും വെല്ലുവിളിയായി. പ്രദേശവാസികളുടെ അഭിപ്രായവും നിർദേശവും അനുസരിച്ചായിരുന്നു തിരച്ചിൽ. കാന്തൻപാറയിലും സൂചിപ്പാറയിലേയും തിരച്ചിൽ ദുഷ്കരമായിരുന്നു. നിലമ്പൂർ ഭാഗത്തേക്ക് 25 കിലോമീറ്ററോളം നടന്നുള്ള തിരച്ചിലും ശ്രമകരമായി.

എസ്.വൈ.എസ്. സാന്ത്വനം, കാരുണ്യം, കേരള എമർജൻസി ടീം, സേവാഭാരതി, രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ, ഡി.വൈ.എഫ്.ഐ., ഡിസാസ്റ്റർ മാനേജ്മെൻറ് ടീം എന്നിവർ തിരച്ചിലിൽ സജീവമായിരുന്നുവെന്ന് ഡെപ്യൂട്ടി കമാൻഡന്റ് ടി.എം. ജിതേഷ് പറഞ്ഞു. മടങ്ങിപ്പോവുമ്പോൾ ‘മാതൃഭൂമി’ നൽകിയ സ്നേഹം വലിയ ഊർജമാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: team ndrf mathrubhumi