തിരുവനന്തപുരം: കേരള - കര്‍ണാടക അതിര്‍ത്തിയില്‍ നാളെ മുതല്‍ ആരംഭിക്കുന്ന 100 ഹെല്‍പ് ഡെസ്‌കുകളില്‍ അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. രാത്രിയും പകലും ജോലി ചെയ്യാന്‍ തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഹെല്‍പ് ഡെസ്‌കില്‍ ഒരുക്കിയിരിക്കുന്നതെന്നും 24 മണിക്കൂറും അതിര്‍ത്തിയില്‍ അധ്യാപകരുടെ സേവനമുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. 

ഒരു ഹെല്‍പ് ഡെസ്‌ക്കില്‍ രണ്ടുപേര്‍ വീതമായിരിക്കും പ്രവര്‍ത്തിക്കുക. ഒരാള്‍ രേഖകള്‍ പരിശോധിക്കുകയും രണ്ടാമത്തെയാള്‍ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതുകൂടാതെ ഐ.ടി. അറ്റ് സ്‌കൂളിലെ 30 അധ്യാപകര്‍ സാങ്കേതിക സഹായം നല്‍കും. രാത്രിയും പകലും ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി ആയിരിക്കും ഇവര്‍ പ്രവര്‍ത്തിക്കേണ്ടി വരിക. 

ആദ്യ ഘട്ടത്തില്‍ 100 ഹെല്‍പ് ഡെസ്‌കുകളാണ് കേരള- കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. നാളെ മുതല്‍ തന്നെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ എത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. 

ജമ്മു കാശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളാണ് കേരള- കര്‍ണാടക അതിര്‍ത്തിയിലൂടെ കാസര്‍കോട് വഴി കേരളത്തിലേക്ക് എത്തുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവരുടെ ആരോഗ്യപരിശോധന, പേരുവിവരങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയില്‍ നടക്കുക. 

100 ഹെല്‍പ് ഡെസ്‌കുകളില്‍ ഓരോന്നിലും രണ്ട് അധ്യാപകരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐ.ടി. അറ്റ് സ്‌കൂളിലെ അധ്യാപകര്‍ ഇവര്‍ക്ക് സാങ്കേതിക സഹായം നല്‍കും. 

നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും അധ്യാപകരെ കെ.എസ്.ആര്‍.ടി.സി. ബസ് മുഖേന അതിര്‍ത്തിയിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് കളക്ടര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അയ്യായിരത്തോളം പേരാണ് കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ ദേശീയ പാതയിലൂടെ കേരളത്തിലേക്ക് എത്തുക. 

content highlight: teachers will be on duty in 100 covid help desks in kasargod from tomorrow onwards