Photo: Mathrubhumi Archives
കോഴിക്കോട്: അടുത്ത സി.ബി.എസ്.ഇ. ബോര്‍ഡ് 10, 12 പരീക്ഷകളില്‍ 100 ശതമാനം വിജയം ഉറപ്പാക്കുമെന്ന് അധ്യാപകര്‍ എഴുതിനല്‍കണമെന്ന നവോദയ അസിസ്റ്റന്റ് കമ്മിഷണറുടെ നിര്‍ദേശം വിവാദത്തിലാവുന്നു. ഹൈദരാബാദിലെ റീജണല്‍ ഓഫീസില്‍നിന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി. സുബ്ബറെഡ്ഡിയുടെ പേരിലാണ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ വിദ്യാലയങ്ങളില്‍ എത്തിയത്. അധ്യാപകരില്‍നിന്ന് ഒപ്പിട്ടുവാങ്ങിയത് ഡല്‍ഹിയില്‍ കേന്ദ്രഓഫീസിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കുറഞ്ഞത് 80 ശതമാനം മാര്‍ക്ക് ഓരോ വിദ്യാര്‍ഥിയും നേടണമെന്നാണ് (ബെഞ്ച് മാര്‍ക്ക് ) പൊതുനിര്‍ദേശം. പല സ്‌കൂളുകളും ബെഞ്ച്മാര്‍ക്കോടെ 100 ശതമാനം വിജയംനേടുന്നില്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് പ്രീബോര്‍ഡ് പരീക്ഷകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്തിയാണ് സര്‍ക്കുലര്‍ ഇറക്കിയത്. സാധാരണനിലയില്‍ നവോദയ മുന്നോട്ടുവെച്ച ബെഞ്ച്മാര്‍ക്ക് നേടാനായില്ലെങ്കില്‍ അധ്യാപകരോട് അതിന്റെ കാരണംതേടാറുണ്ട്. അത് ഉറപ്പാക്കുമെന്ന് എഴുതിനല്‍കണമെന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമായാണെന്ന് അധ്യാപകര്‍ പറയുന്നു.
ഒരു ക്ലാസിലെ കുട്ടികളെ മുഴുവന്‍ ഏകീകൃതമായൊരു ബെഞ്ച്മാര്‍ക്കുകൊണ്ട് അളക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പഠിച്ച് എഴുതേണ്ട വിഷയങ്ങളില്‍ ഫലം ഇന്നതായിരിക്കുമെന്ന് അധ്യാപകര്‍ എങ്ങനെ മുന്‍കൂട്ടി ഉറപ്പുനല്‍കുമെന്നും അവര്‍ ചോദിക്കുന്നു. പരീക്ഷാഫലം കൂടുതലും വിദ്യാര്‍ഥിയുടെ പ്രയത്‌നത്തെ ആശ്രയിച്ചായിരിക്കുമെന്നും അതില്‍ അധ്യാപകന്റെ പങ്ക് പരിമിതമാണെന്നും ഓള്‍ ഇന്ത്യ നവോദയവിദ്യാലയസമിതി സ്റ്റാഫ് അസോസിയേഷന്‍ (എ.എന്‍.വി.എസ്.എസ്.എ.) കേരളഘടകം പ്രസിഡന്റ് പി. രാമദാസ് പറഞ്ഞു.
കേരളത്തിലെ 14 നവോദയവിദ്യാലയങ്ങളും ഹൈദരാബാദ് റീജന്റെ കീഴിലാണ്. ഇവിടെ പത്തുവരെ മാതൃഭാഷയില്‍ പഠനം നടത്തിയ വിദ്യാര്‍ഥികളുമുണ്ട്. സയന്‍സ് വിഷയങ്ങളില്‍ 65 ശതമാനവും ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ പാസ്മാര്‍ക്കും ഉണ്ടെങ്കില്‍ നവോദയയില്‍ പ്രവേശനം നേടാനുള്ള മിനിമംയോഗ്യതയായി. പത്താംക്ലാസുവരെ മാതൃഭാഷയില്‍ പഠിച്ച് മറ്റു പല സ്‌കൂളുകളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളുമുണ്ട്. പലരും പഠനത്തില്‍ ശരാശരി നിലവാരംപുലര്‍ത്തുന്നവരും ആദ്യമായി ബോര്‍ഡ്പരീക്ഷ എഴുതുന്നവരുമാണ്.
പുതിയ പഠനാന്തരീക്ഷവുമായി പൊരുത്തപ്പെട്ടുവരുമ്പോഴേക്കും എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ ബെഞ്ച്മാര്‍ക്ക് നിശ്ചയിക്കുന്നത് അവരില്‍ സമ്മര്‍ദം കൂട്ടാനിടയാക്കുമെന്ന് അധ്യാപകര്‍ പറയുന്നു.
അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ സമ്മര്‍ദത്തിലാക്കുന്ന വിവാദസര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.എന്‍.വി.എസ്.എസ്.എ. ബുധനാഴ്ച കമ്മിഷണര്‍ക്ക് പരാതി നല്‍കി.
Content Highlights: Teachers ensure 100% pass examinations navodaya schools
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..