കോഴിക്കോട്: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ബീച്ച് ആശുപത്രിയിലും ഒരു ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷബാദിന്റെ കണ്ണിനാണ് പരിക്ക്. ഒരു വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. 

ഹോളി ആഘോഷം ഫറൂഖ് കോളേജില്‍ വിലക്കിയിരുന്നു. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ പരീക്ഷ അവസാനിച്ച ഇന്ന് ഹോളി ആഘോഷിക്കാന്‍ ശ്രമിച്ചത് ജീവനക്കാരും അധ്യാപകരും തടഞ്ഞു. അതിനിടെ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന കാര്‍ ജീവനക്കാരനെ ഇടിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇയാളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നസീര്‍ പറഞ്ഞു.

ഹോളി ആഘോഷിച്ച വിദ്യാര്‍ഥികള്‍ ഓടിച്ച കാര്‍ ക്യാമ്പസിന് പുറത്തേക്ക് പോവാന്‍ ശ്രമിക്കുന്നതിനിടെ തന്നെ ഇടിക്കുകയായിരുന്നുവെന്ന് അധ്യാപകേതര ജീവനക്കാരനായ ഇബ്രാഹിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

വിലക്ക് മറി കടന്ന് ഹോളി ആഘോഷിച്ചതാണ് അധ്യാപകരെ പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പൈപ്പുകളും വടികളും ഉപയോഗിച്ച് അധ്യാപകരും ഹോസ്റ്റല്‍ ജീവനക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 

ഹോസ്റ്റലില്‍ വെച്ചാണ് ആദ്യം മര്‍ദിച്ചത്. തുടര്‍ന്ന് ജീവനക്കാരും മറ്റും കൂട്ടമായി എത്തി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. കോളേജ് വളപ്പില്‍ നിന്നും പുറത്തെത്തി ബസ് സ്റ്റോപ്പില്‍ വെച്ചും അധ്യാപകരും ജീവനക്കാരും മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.