കരമടച്ചവര്‍ക്കും കുടിശ്ശിക, 33 ലക്ഷത്തിന്‍റെ വെട്ടിപ്പ്; സൂപ്രണ്ട് ശാന്തിയും പിടിയിലാകുമ്പോള്‍


സ്വന്തം ലേഖകന്‍

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പ് കേസില്‍ പ്രധാന ഉത്തരവാദിയായ സൂപ്രണ്ട് ശാന്തി അറസ്റ്റിലായതോടെ നിരാഹാരമടക്കമുള്ള സമരങ്ങളില്‍ നിന്ന് പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും പിന്മാറി. നഗരസഭയിലെ മൂന്ന് സോണല്‍ ഓഫീസുകള്‍ വഴി ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നത്. ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സോണല്‍ ഓഫീസുകളിലായി ഏകദേശം 33,54,169 രൂപയാണ് നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. ജനങ്ങളില്‍ നിന്ന് പിരിച്ച പണം ബാങ്കിലടയ്ക്കാതെ വെട്ടിച്ചുവെന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഇതുവരെ നാല് അറസ്റ്റാണ് ഉണ്ടായത്.

കുടിശ്ശിക നോട്ടീസ് കള്ളി വെളിച്ചത്താക്കി

കൃത്യമായി വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. സംഭവത്തില്‍ പഴയ രസീതുകളുമായി ആളുകള്‍ പരാതിപ്പെട്ടതോടെ വിഷയത്തില്‍ നഗരസഭ അന്വേഷണത്തിന് നിര്‍ബന്ധിതരായി. നിരവധി പേര്‍ക്ക് നോട്ടീസ് വരികയും ബി.ജെ.പി കൗണ്‍സിലര്‍ കരമന ജയനും സമാനമായ നോട്ടീസ് ലഭിക്കുകയും ചെയ്തതോടെ ബി.ജെ.പി നഗരസഭയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നു.

വിഷയം ഭരണസമിതിയെ പ്രതിരോധത്തിലാക്കിയതോടെ നഗരസഭ എല്ലാ സോണുകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതോടെ നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളില്‍ ക്രമക്കേട് തെളിഞ്ഞു. വിഷയം പ്രതിപക്ഷമായ ബിജെപിയും യു.ഡി.എഫും രാഷ്ട്രീയമായി ഉന്നയിക്കുകയും സമരത്തിലേക്ക് കടക്കുകയും ചെയ്തു. സമരം തുടങ്ങിയതോടെ പലവിധ പ്രചാരണങ്ങളാണ് നഗരസഭയ്ക്കെതിരെ നടന്നത്.

ഇതോടെ ജനങ്ങള്‍ തങ്ങളുടെ കരമടച്ച രസീതുകളുമായി നഗരസഭയിലേക്ക് എത്തുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെ എത്തിയ പലരുടെയും തുക നഗരസഭ വരവുവെച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലായി. ഇതോടെ കൂടുതല്‍ പരിഭ്രാന്തിയിലായത് കരമടച്ചതിന്റെ രസീത് കൃത്യമായി സൂക്ഷിക്കാതിരുന്നവരാണ്. അടച്ചതിന്റെ രേഖകള്‍ കൈവശമില്ലെങ്കില്‍ വീണ്ടും വലിയ തുക ഒരുമിച്ച് അടയ്ക്കേണ്ടി വരുമെന്ന് ഇവര്‍ ഭയന്നു. പ്രതിപക്ഷ സമരം കടുത്തതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചു.

ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മേയര്‍, വിശ്വസിക്കാതെ ജനം

തിരുവനന്തപുരം നഗരസഭക്ക് കീഴില്‍ 11 സോണല്‍ ഓഫീസുകളാണുള്ളത്. ഇവിടങ്ങളില്‍ കോവിഡിനു ശേഷം ഓഡിറ്റ് നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണ് ഉദ്യോഗസ്ഥര്‍ നികുതി വെട്ടിപ്പ് നടത്തിയത്. സോണല്‍ ഓഫീസുകളില്‍ വിവിധ ഇനങ്ങളിലായി ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള വികാസ്ഭവനിലെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ നികുതിപ്പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ വക മാറ്റിയാണ് ഉദ്യോഗസ്ഥര്‍ വെട്ടിപ്പ് നടത്തിയത്. പണം അടച്ച രസീത് ആളുകള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗിക രേഖകളില്‍ ഇല്ല.

arya rajendran

ഇതോടെ നഗരസഭ പ്രതിസന്ധിയിലായി, നടപടി എടുക്കാന്‍ നിര്‍ബന്ധിതരായി. മുഖം രക്ഷിക്കാന്‍ ശ്രീകാര്യം സോണില്‍ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണില്‍ 26,74,333 രൂപ ബാങ്കില്‍ അടയ്ക്കാത്ത കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണില്‍ 1,9,836 രൂപ ബാങ്കിലിടാത്ത ജോര്‍ജ്കുട്ടി എന്നിവരെ നഗരസഭ സസ്പെന്‍ഡ് ചെയ്തു. ആരുടെയും പണം നഷ്ടപ്പെടില്ലെന്നും ഉത്തരവാദികളായവരില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മേയര്‍ വ്യക്തമാക്കിയെങ്കിലും ആശങ്കമാത്രം ബാക്കി.

സോഫ്റ്റ്‌വെയര്‍ തകരാര്‍ മുതല്‍ തട്ടിപ്പിലെ അറസ്റ്റ് വരെ

ആദ്യം സോഫ്റ്റ്‌വെയര്‍ തകരാറെന്നായിരുന്നു നഗരസഭ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി സോഫ്റ്റ്‌വെയറിലുണ്ടായിരുന്ന പിഴവുകള്‍ പരിഹരിക്കാതിരുന്നത് ഭരണ സമിതിയെ നയിച്ചിരുന്ന എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കി. തകരാര്‍ മാത്രമല്ല ഓഡിറ്റും കൃത്യമായി നടന്നിരുന്നില്ല എന്നതുകൂടി പുറത്തുവന്നതോടെ നഗരസഭ കൂടുതല്‍ പ്രതിരോധത്തിലായി. പലവര്‍ഷങ്ങളായി അടച്ച തുക വരവുവെക്കാതിരുന്നതിനാല്‍ ഇതിനുമുമ്പും ഇത്തരം കാര്യങ്ങള്‍ നടന്നിരുന്നതായി സംശയമുയര്‍ന്നു.

സോഫ്റ്റ്‌വെയര്‍ പിഴവെന്ന് പറഞ്ഞു പിടിച്ചുനിന്ന നഗരസഭയ്ക്ക് കൂടുതല്‍ ക്രമക്കേടുകള്‍ വന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി. പിന്നീട് ചെറിയ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന തരത്തിലായി പ്രതികരണം. എന്നാല്‍ അന്വേഷണത്തില്‍ കൂടുതല്‍ ക്രമക്കേട് പുറത്തുവന്നതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന വിധത്തിലേക്ക് കാര്യങ്ങളെത്തി.

ഒടുവില്‍, കുറെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി സസ്പെന്‍ഡ് ചെയ്തത് നഗരസഭ തലയൂരി. എന്നാല്‍ അവര്‍ക്കെതിരെ അറസ്റ്റ് വൈകിയതോടെ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ വൈകിയതോടെ യുഡിഎഫും ബിജെപിയും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരവുമായെത്തി. ഇവരെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.

കേസില്‍ സസ്പെന്‍ഡിലായ നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തിക്കുള്ള പാര്‍ട്ടി ബന്ധമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. കോര്‍പ്പറേഷന്‍ യൂണിയന്റെ സംസ്ഥാന സമിതി അംഗമാണ് ശാന്തി. സസ്പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായപ്പോഴും ശാന്തിയെ പോലീസ് കണ്ടില്ലെന്ന് നടിച്ചു. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള വഴിയൊരുക്കലാണ് നടക്കുന്നതെന്ന ആരോപണം ഉയര്‍ന്നപ്പോഴും ശാന്തിയെ അറസ്റ്റ് ചെയ്യുന്നതിനെ പരോക്ഷമായി എതിര്‍ക്കുന്ന നിലപാടാണ് ഭരണ സമിതിയുടെ ഭാഗത്തുനിന്നുണ്ടായത്.

പണം കൈകാര്യം ചെയ്യുന്നതില്‍ ശാന്തിക്ക് നോട്ടക്കുറവുണ്ടായെന്നു മാത്രമാണ് വിഷയത്തില്‍ നഗരസഭ പറഞ്ഞത്. എന്നാല്‍ ശാന്തിക്കെതിരെ മുമ്പും പരാതി ഉണ്ടായിരുന്നുവെന്ന കാര്യം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ഇതിനിടെ ശാന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. എന്നിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകിയതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വരെ ആരോപണങ്ങളുയര്‍ന്നു.

image
അറസ്റ്റിലായ പ്രതി ശാന്തി

നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ ശാന്തിയെ മാത്രം അറസ്റ്റ് ചെയ്യുന്നത് വൈകിയതോടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നിരാഹാര സമരത്തിലേക്ക് കടന്നു. പിന്നാലെ നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. പ്രതിപക്ഷ സമരത്തിനെതിരെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം പിരിഞ്ഞതോടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി പ്രഖ്യാപനമുണ്ടായി.

ഒടുവില്‍ ശാന്തിക്ക് കൈവിലങ്ങ്

ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡന്റ് ആയിരുന്ന ബിജുവിനെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് നേമം സോണല്‍ ഓഫീസിലെ കാഷ്യര്‍ സുനിത ഒക്ടോബര്‍ 16-ന് അറസ്റ്റിലായി. അറസ്റ്റിലായവര്‍ വെറും ഡമ്മികളാണെന്നും ശാന്തിയാണ് എല്ലാത്തിനും കാരണക്കാരിയെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ അറസ്റ്റ് വൈകിയതോടെ പോലീസും സി.പി.എമ്മും ഒത്തുകളിക്കുന്നുവെന്നായി ആരോപണം.

പ്രതികളെ രക്ഷിക്കാന്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെ പോലീസും സമ്മര്‍ദ്ദത്തിലായി. സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലാകുമെന്ന സ്ഥിതി വന്നതോടെ ശാന്തിയോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. നേമം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നത് അറസ്റ്റ് ഒഴിവാക്കാന്‍ ഇത്രയും കാലം ഇടപെടല്‍ നടന്നിരുന്നുവെന്ന ആരോപണങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു.

Contennt Highlights: Tax fraud at TVM corporation: Key accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented