തിരുവനന്തപുരം: ജനങ്ങളടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിക്കുമ്പോഴും നഗരസഭ നടത്തിയ അദാലത്തില്‍ എത്തി പണമടച്ചതിന്റെ വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരങ്ങള്‍. ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകള്‍.

മൂന്ന് സോണല്‍ ഓഫീസുകളില്‍ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥര്‍ വെട്ടിച്ചത്. സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്.ബി.  എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടച്ചില്ലെന്നാണ് കണ്ടെത്തല്‍. 

ശ്രീകാര്യം സോണില്‍ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണില്‍ 26,74,333 രൂപ ബാങ്കില്‍ അടയ്ക്കാത്ത കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണില്‍ 1,9,836 രൂപ ബാങ്കിലിടാത്ത ജോര്‍ജ്കുട്ടി എന്നിവരെ ഇതിന്റെ പേരില്‍ നഗരസഭ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീകാര്യം സോണിലെ അന്നത്തെ ചാര്‍ജ് ഓഫീസറും ഇപ്പോള്‍ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

Thiruvananthapuram corporation
തിരുവനന്തപുരം നഗരസഭ

എന്നാല്‍ ഉള്ളൂര്‍ സോണല്‍ ഓഫീസ് കഴിഞ്ഞമാസം നടത്തിയ അദാലത്തില്‍ പണമടച്ചവരുടെ വിവരങ്ങളും കോര്‍പ്പറേഷന്‍ സൈറ്റായ സഞ്ചയ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സാധാരണ ഗതിയില്‍ റസിഡന്റ്സ് അസോസിയേഷനുകളില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നികുതി ശേഖരിക്കുന്ന രീതിയുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വന്‍ കുടിശിക ഉള്ളതായാണ് പോര്‍ട്ടലില്‍ കാണിക്കുന്നത്. ഇതോടെ കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്.

കാലങ്ങളായി അടച്ചിരുന്ന നികുതിയുടെ രസീതുമായെത്തി കോര്‍പ്പറേഷനില്‍ കണക്കുകള്‍ ശരിയാക്കേണ്ട അവസ്ഥയാണുള്ളത്. രസീതുകള്‍ സൂക്ഷിച്ചുവയ്ക്കാത്തവര്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് പക്ഷെ കോര്‍പ്പറേഷന്റെ പക്കല്‍ ഉത്തരമില്ല. വീട്ടുകരമുള്‍പ്പെടെ കൃത്യമായി നകുതി അടച്ചവര്‍ക്ക് കുടിശിക നോട്ടീസുകള്‍ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോര്‍പ്പറേഷന് കീഴിലുള്ള 11 സോണല്‍ ഓഫീസുകളില്‍ മൂന്നിടങ്ങളില്‍ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോള്‍ തന്നെ 33 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. കൂടുതല്‍ സോണല്‍ ഓഫീസുകളില്‍ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍.

നികുതി വെട്ടിപ്പ് കൂടുതല്‍ ആഴങ്ങളിലേക്ക് പോയാല്‍ വെട്ടിലാവുക നഗരസഭ ഭരിക്കുന്ന സിപിഎമ്മാണ്. നികുതി വെട്ടിച്ചെന്ന് കോര്‍പ്പറേഷന്‍ പറയുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതല്ലാതെ അവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതിന് പിന്നില്‍ സിപിഎം അനൂകൂല മുന്‍സിപ്പല്‍ ജീവനക്കാരുടെ സംഘടനയുമായുള്ള ചില പ്രതികളുടെ ബന്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിജെപി രാപകല്‍ സമരമാരംഭിച്ചതോടെ സിപിഎം അതിനെതിരേ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചത് ഇതിന്റെ തെളിവാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

Content Highlights: Tax evasion in Thiruvananthapuram corporationm CPM and Arya Rajendran