തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയിലെ സീലിങ് തകർന്നുവീണനിലയിൽ, ആശുപത്രിയിൽ മച്ച് തകർന്ന ഭാഗം എം.എൽ.എ. കെ.ബി.ഗണേഷ്‌കുമാർ സന്ദർശിക്കുന്നു
കുന്നിക്കോട്: മൂന്നുമാസംമുമ്പ് ഉദ്ഘാടനംചെയ്ത തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ നടുത്തളത്തില്‍ നിര്‍മിച്ച മച്ച് (സീലിങ്) തകര്‍ന്നുവീണു. ഉദ്ഘാടനത്തിനു മുന്നോടിയായി കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ മാലിന്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാരെ ശാസിക്കുകയും വാര്‍ത്താപ്രാധാന്യം നേടുകയുംചെയ്ത ആശുപത്രിക്കാണീ ദുര്യോഗം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ. മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. രോഗികളും ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും മുറികള്‍ക്കുള്ളിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്ത കെട്ടിടത്തിന്റെ ജിപ്‌സം ബോര്‍ഡുകളില്‍ നിര്‍മിച്ച സീലിങ്ങാണ് അടര്‍ന്നുവീണത്. പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന നടുത്തളത്തില്‍ രണ്ടാംനിലയുടെ മുകളിലായി അലൂമിനിയം ഷീറ്റുമേഞ്ഞ മേല്‍ക്കൂരയ്ക്ക് താഴെ സ്ഥാപിച്ചിരുന്നതാണ് സീലിങ്. ഉയരത്തില്‍നിന്ന് ജിപ്‌സം ബോര്‍ഡുകളുടെ ഭൂരിഭാഗവും ഒന്നിച്ച് അടര്‍ന്നുവീഴുകയായിരുന്നു. കുന്നിക്കോട്ടുനിന്ന് അഗ്‌നിരക്ഷാസേനയെത്തി അടര്‍ന്നുവീഴാറായ മറ്റുഭാഗങ്ങള്‍കൂടി ഇളക്കിമാറ്റി. മേല്‍ക്കൂരയ്ക്കും മച്ചിനും മധ്യേയുള്ള വായുസഞ്ചാരം കുറഞ്ഞ് സമ്മര്‍ദ്ദമേറിയതിനെ തുടര്‍ന്ന് അടര്‍ന്നുവീണതാകാമെന്നാണ് നിഗമനം. മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായി ജിപ്‌സം ബോര്‍ഡുകളില്‍ ഈര്‍പ്പംനിലനിന്ന് ഭാരമേറുകയും ചെയ്തിരുന്നു.
തകര്‍ന്നത് ഗുണമേന്മ
കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് മൂന്നുഘട്ടമായി മൂന്നരക്കോടിരൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് കെട്ടിടം. സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മിതികേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല. ഉദ്ഘാടനം മാര്‍ച്ച് പത്തിനായിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള സന്ദര്‍ശനത്തിനിടെ ആശുപത്രിക്കുള്ളില്‍ മാലിന്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എം.എല്‍.എ. മെഡിക്കല്‍ ഓഫീസറെയും ജീവനക്കാരെയും പരസ്യമായി ശകാരിക്കുകയും ചൂലെടുത്ത് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഗുണമേന്മയുള്ള സാധനങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും നശിപ്പിക്കരുതെന്നും എം.എല്‍.എ. പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സിലീങ് തകര്‍ന്നുവീണത് രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
നിര്‍മാണത്തില്‍ അഴിമതിയാരോപിച്ച് ബി.ജെ.പി.യും കോണ്‍ഗ്രസും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. എം.എല്‍.എ.യും ആരോഗ്യവകുപ്പിലെയും നിര്‍മിതിയിലെയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
ഗണേഷ്‌കുമാര്‍ എം.എല്‍.എ.യ്ക്കുനേരേ പ്രതിഷേധം
തലവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ മച്ച് തകര്‍ന്ന ഭാഗം എം.എല്‍.എ. കെ.ബി.ഗണേഷ്‌കുമാര്‍ സന്ദര്‍ശിക്കുന്നു
കുന്നിക്കോട്:സര്‍ക്കാര്‍ ആശുപത്രിയുടെ മച്ച് തകര്‍ന്ന സംഭവത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യ്ക്കുനേരേ വഴിയില്‍ പ്രതിഷേധമുയര്‍ത്തി.
സംഭവത്തില്‍ അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസിന്റെ നടുത്തേരിയിലെ മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നില്‍നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തലവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി എം.എല്‍.എ. മടങ്ങുംവഴി ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ഇത്.
എം.എല്‍.എ.യുടെ വാഹനത്തിനുനേരേ മുദ്രാവാക്യം വിളികളുമായി ഒരുകൂട്ടം പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഒപ്പം പോലീസും ഉണ്ടായിരുന്നു. പ്രവര്‍ത്തകര്‍ വഴിയരികില്‍ പ്രതിഷേധിച്ചെങ്കിലും ഉടന്‍തന്നെ വാഹനം കടന്നുപോയി. കെ.എസ്.യു. സംസ്ഥാന സെക്രട്ടറിയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.ജെ.യദുകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യനാഥ്, കെ.എസ്.യു. ജില്ലാ സെക്രട്ടറി അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..