കല്ലിട്ടത് 36 ശതമാനംമാത്രം; കെ-റെയിലില്‍ പിടിവാശി വിട്ടു, ഒരടി പിന്മാറി സര്‍ക്കാര്‍


ബിജു പരവത്ത്

കല്ലിടീൽ നിർത്തുന്നതോടെ പ്രതിഷേധത്തിന് ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് കെ-റെയിൽ. നഷ്ടപരിഹാരത്തുക ഉയർത്തിക്കാട്ടി പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. സി.പി.എം. പ്രവർത്തകർ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും പ്രതിഷേധം കുറയ്ക്കാനായില്ല.

കല്ലും ... കാവലും ... കോഴിക്കോട് മീഞ്ചന്ത ഗേറ്റിനു സമീപം കനിയാങ്കണ്ടി പറമ്പിൽ റസാഖിന്റെ വീട്ടിനു മുമ്പിൽ സ്ഥാപിച്ച കെ.റെയിൽ സർവ്വേക്കല്ലിന് പോലീസ് കാവൽ നില്ക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് സർവ്വേ കല്ല് ഇട്ടത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തെ രാഷ്ട്രീയമായിക്കണ്ട് തള്ളാനുള്ള തീരുമാനം സര്‍ക്കാരും സി.പി.എമ്മും പ്രായോഗികമായി തിരുത്തി. പിടിവാശി കടുത്താല്‍ പദ്ധതിനിര്‍വഹണംതന്നെ തടസ്സമാകുമെന്ന വിലയിരുത്തല്‍ ഉണ്ടായതോടെയാണ് മഞ്ഞക്കല്ല് സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

കെ-റെയില്‍ നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ അടയാളമായാണ് മഞ്ഞക്കല്ല് സ്ഥാപിക്കല്‍ മുന്നോട്ടുപോയത്. അതിനാലാണ് കല്ലിടുന്നതിനുപകരം ബദല്‍മാര്‍ഗംപോലും തേടാതിരുന്നത്. ഇതിനെ എതിര്‍ക്കുന്നത് ജമാഅത്തെ ഇസ്ലാമി-ബി.ജെ.പി.-യു.ഡി.എഫ്. കൂട്ടുകെട്ടിലുള്ള വികസനവിരുദ്ധരാണെന്ന പ്രചാരണമാണ് സി.പി.എം. നടത്തിയത്.

പക്ഷേ, കല്ലിടല്‍ തുടര്‍ന്നതോടെ രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധമാണ് പലയിടത്തുമുണ്ടായത്. പ്രതിഷേധംകൊണ്ട് സര്‍ക്കാര്‍ നടപടികളില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചു. കല്ലിടല്‍ കേസായി കോടതിയിലെത്തിയപ്പോഴും കല്ലിട്ടു മാത്രമേ സര്‍വേ നടത്താനാകൂവെന്ന പിടിവാശി സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. ഇതോടെ, ബലം പ്രയോഗിച്ചും കല്ല് സ്ഥാപിക്കാന്‍ പോലീസ് ഒരുങ്ങിയിറങ്ങി.

സ്ത്രീകളെയടക്കം നിലത്ത് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പ്രതിഷേധത്തിനു കനംവെച്ചു. സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റുന്നത് ശീലമാക്കി. പൗരപ്രമുഖരെമാത്രം വിളിച്ച് മുഖ്യമന്ത്രി നടത്തിയ പദ്ധതിവിശദീകരണവും വിമര്‍ശനത്തിനിടയാക്കി.

കെ-റെയില്‍ അനുകൂല മനസ്സുണ്ടാക്കാന്‍ വീടുകയറി പ്രചാരണം നടത്താന്‍ തീരുമാനിച്ച സി.പി.എമ്മിന് അത്ര ശുഭകരമായ അനുഭവമായിരുന്നില്ല ഉണ്ടായത്. പദ്ധതിയെക്കാള്‍ കല്ലിടലിന്റെ രീതിയെയാണ് ജനങ്ങള്‍ എതിര്‍ക്കുന്നതെന്ന തോന്നല്‍ പാര്‍ട്ടി നേതാക്കള്‍ക്കുമുണ്ടായി.

പോലീസ് നടപടിയില്‍ സി.പി.ഐ.ക്കും എതിര്‍പ്പുണ്ടായിരുന്നു. കണ്ണൂരില്‍ കല്ലിടല്‍ തടയാനെത്തിയവരെ സി.പി.എം. പ്രവര്‍ത്തകര്‍ ശാരീരികമായി നേരിട്ടപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിക്കുകയാണു ചെയ്തത്. വികസനം തടയാനെത്തിയാല്‍ അടികിട്ടുമെന്നായിരുന്നു പ്രതികരണം. പക്ഷേ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം പിന്നീട് പ്രതിഷേധം കനക്കുന്നതാണു കണ്ടത്.

സി.പി.എം. പാര്‍ട്ടികോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നതിനു മുന്നോടിയായാണ് നേരത്തേ കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തിയത്. ഇതിനുശേഷം ഒറ്റപ്പെട്ട രീതിയില്‍ കല്ലിടല്‍ തുടങ്ങി. പക്ഷേ, അവിടങ്ങളിലെല്ലാം പ്രതിഷേധവുമുണ്ടായി.

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കല്ലിടലിന് വീണ്ടും അപ്രഖ്യാപിത വിലക്കായി. ഉപതിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചചെയ്യുമെന്നു പ്രഖ്യാപിച്ച സി.പി.എമ്മിന് കല്ലിടലുണ്ടാക്കുന്ന പ്രതിഷേധത്തിന്റെ ആഘാതത്തെക്കുറിച്ചു ബോധ്യമുള്ളതുകൊണ്ടായിരുന്നു ഇത്. പദ്ധതിയെ അനുകൂലിക്കുന്നവര്‍പോലും കല്ലിടലിനെയും പോലീസ് ബലപ്രയോഗത്തെയും തള്ളി. ഇതോടെ സര്‍ക്കാരിനു പിന്മാറ്റം അനിവാര്യമായി.

കല്ലിട്ടത് 36 ശതമാനംമാത്രം

കെ-റെയില്‍ അതിരടയാള കല്ലിടീല്‍ പൂര്‍ത്തീകരിച്ചത് 36 ശതമാനം മാത്രം. 529 കിലോമീറ്റര്‍ പാതയില്‍ ഇതുവരെ 190 കിലോമീറ്റര്‍ മാത്രമാണ് അതിരടയാളം നിശ്ചയിക്കാന്‍ കഴിഞ്ഞത്. എതിര്‍പ്പുകാരണം സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് കല്ലിടീല്‍ ആരംഭിച്ചത്. സാമൂഹികാഘാതപഠനം നിശ്ചയിക്കാനാണ് സര്‍വേ നിയമപ്രകാരം അതിരടയാള കല്ലുകള്‍ സ്ഥാപിച്ചത്. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമല്ല ഇതെന്നും സര്‍ക്കാരും കെ-റെയിലും വാദിച്ചു.

സാമൂഹികാഘാത പഠനത്തിന് കല്ലിട്ട് അതിര്‍ത്തി തിരിക്കേണ്ടതില്ലെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമായി. കല്ലിടീല്‍ പലയിടത്തും തടസ്സപ്പെട്ടു. സ്ഥാപിച്ച കല്ലുകള്‍ പലതും പിഴുതുമാറ്റി. മൂന്നുമാസത്തിനുള്ളില്‍ സാമൂഹികാഘാതപഠനം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എതിര്‍പ്പിനെത്തുടര്‍ന്ന് പഠനവും തടസ്സപ്പെട്ടു. സാമൂഹികാഘാത പഠനത്തിന് നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ കൂടുതല്‍ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.

കല്ലിടീല്‍ നിര്‍ത്തുന്നതോടെ പ്രതിഷേധത്തിന് ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് കെ-റെയില്‍. നഷ്ടപരിഹാരത്തുക ഉയര്‍ത്തിക്കാട്ടി പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. സി.പി.എം. പ്രവര്‍ത്തകര്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും പ്രതിഷേധം കുറയ്ക്കാനായില്ല.

ജിയോടാഗിങ് സംവിധാനം വരുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതകുറയുമെന്ന പ്രതീക്ഷയിലാണ് കെ-റെയില്‍. സാമൂഹികാഘാത പഠനസംഘത്തിന് സ്ഥലം മനസ്സിലാക്കി മടങ്ങാം. താമസക്കാരെ പിന്നീട് സമീപിച്ച് വിവരം ശേഖരിക്കാം. ജിയോടാഗിങ് സംവിധാനം, വെര്‍ച്വല്‍ ആയതിനാല്‍ പ്രതിഷേധത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

Content Highlights: State government to take GPS survey for K-Rail Project

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented