കാസർകോട് ചട്ടഞ്ചാലിൽ നിർമാണം പൂർത്തിയായ ടാറ്റാ കോവിഡ് ആശുപത്രി | ഫൊട്ടൊ: മാതൃഭൂമി
കാസര്‍കോട്: ആധുനിക ചികിത്സാരംഗത്ത് പരിമിതികള്‍ ഏറെയുള്ള ജില്ലയ്ക്ക് ടാറ്റ ഗ്രൂപ്പ് ഇന്ന് 541 കിടക്കകളുള്ള ഒരാസ്പത്രി സമ്മാനിക്കുകയാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മിച്ച കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങില്‍ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.
എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എം.സി.ഖമറുദ്ദീന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവര്‍ മുഖ്യസാന്നിധ്യമാകും. ടാറ്റാ പ്രോജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് പി.എല്‍.ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ് നന്ദി പറയും.
കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനം. മഹാമാരിയെ മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ ശ്രുശ്രൂഷാകേന്ദ്രം. ചികിത്സാസൗകര്യങ്ങളുടെ പോരായ്മയില്‍ വലയുന്ന ജില്ല പുതിയ ആസ്പത്രി പ്രഖ്യാപനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹൃദയത്തിലൊരിടം നല്‍കിയാണ് പിന്നീട് ഓരോ ഘട്ടത്തിലും ആസ്പത്രിയുടെ നിര്‍മാണത്തില്‍ നാട് സഹകരിച്ചത്. ഒടുവില്‍ സര്‍ക്കാറിന്റെ കൈകളിലേക്ക് വെച്ചുകൊടുക്കുകയാണ് ടാറ്റ ഈ സ്ഥാപനത്തെ. പ്രതീക്ഷ നിറവേറ്റേണ്ടത് ഇനി സര്‍ക്കാറാണ്. കോവിഡ് കാലം കഴിഞ്ഞാലും ആസ്പത്രി തുടരാനാവും, കൃത്യമായ ആസൂത്രണത്തിലൂടെ, ഇടപെടലിലൂടെ. പലതും പിന്നീട് 'സ്മാരകങ്ങള്‍' ആവുന്ന നാട്ടില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഈ സ്ഥാപനം വളരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സര്‍ക്കാര്‍ ചെയ്തതും പൂര്‍ത്തിയാക്കേണ്ടതും തെക്കില്‍ വില്ലേജില്‍ അഞ്ചേക്കര്‍ ഭൂമി അതിവേഗത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കി. അടിസ്ഥാനസൗകര്യ വികസനത്തിന് വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായം തേടി. കരിമ്പാറ നിറഞ്ഞ കുന്നുപ്രദേശം അതിവേഗം നിരപ്പാക്കി. ജില്ലാ ഭരണകൂടം ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് താത്കാലികമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവയൊരുക്കി. പരിചരണം: ആസ്പത്രി പ്രവര്‍ത്തനം തുടങ്ങാന്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ്, ഫാര്‍മസി വിഭാഗം, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ നിയമിക്കണം. തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം വേണം. അല്ലെങ്കില്‍ പുനര്‍വിന്യാസത്തിലൂടെയോ താത്കാലിക നിയമനം നടത്തിയോ ആസ്പത്രി തുടങ്ങാന്‍ സംവിധാനം ഒരുക്കണം. ഗതാഗതം: തെക്കില്‍ അമ്പട്ട ദേശീയപാതയില്‍നിന്ന് കോവിഡ് ആസ്പത്രിയിലേക്ക് എളുപ്പമെത്താന്‍ കുന്നിടിച്ച് 12 മീറ്റര്‍ വീതിയിലും 700 മീറ്റര്‍ നീളത്തിലും പുതുതായി റോഡ്. ഇവിടെ കമാനവും സ്ഥാപിക്കും. 2.81 കോടി രൂപ ചെലവില്‍ റോഡ് മെക്കാഡം ചെയ്യാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുന്നു. നിലവില്‍ ചട്ടഞ്ചാല്‍ നോര്‍ത്തിലെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് എം.ഐ.സി. കോളേജിനരികില്‍ കൂടിയുള്ള റോഡാണ് എളുപ്പവഴി. വെളിച്ചം: മയിലാട്ടി 220 കെ.വി.സബ്‌സ്റ്റേഷനില്‍നിന്ന് ആറര കിലോമീറ്റര്‍ ദൂരത്തില്‍ 11 കെ.വി. ഏരിയയില്‍ ബഞ്ച് കണ്ടക്ടര്‍ (സുരക്ഷയുള്ള കവചിത ലൈന്‍) കോവിഡ് ആസ്പത്രിയിലേക്ക് വലിക്കാന്‍ ടെന്‍ഡര്‍ ചെയ്തു. 2000 കെ.വി.എ.യുടെ ട്രാന്‍സ്‌പോര്‍മറാണ് ആസ്പത്രിയില്‍ സ്ഥാപിക്കേണ്ടത്. വൈദ്യുതി മുടങ്ങാതെ കിട്ടാന്‍ ഉപകരിക്കുന്നതാണ് എ.ബി.സി.ലൈന്‍. 1,82,41,000 രൂപയുടെ പദ്ധതിയാണ് ഇതിനുള്ളത്. അമ്പട്ടയില്‍നിന്ന് പുതിയ റോഡരികിലൂടെ 700 മീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ കേബിള്‍ വലിക്കാനുള്ള സാധ്യതയും കെ.എസ്.ഇ.ബി. പരിശോധിക്കുന്നു. പണി തുടങ്ങിയാല്‍ ഒരുമാസം കൊണ്ട് ലൈന്‍ കമ്മിഷന്‍ ചെയ്യാനാകും. അതിനുമുന്‍പ് ആസ്പത്രിക്ക് താത്കാലിക വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കെ.എസ്.ഇ.ബി.ക്ക് കഴിയും. ചെര്‍ക്കള, ചട്ടഞ്ചാല്‍ സെക്ഷനുകളിലെ ഫീഡറുകളിലേക്ക് വിദ്യാനഗര്‍ 110 കെ.വി. സബ്‌സ്റ്റേഷനില്‍നിന്ന് വൈദ്യുതിയെത്തിച്ച് പകരം മയിലാട്ടി സബ്‌സ്റ്റേഷനില്‍നിന്ന് കോവിഡ് ആസ്പത്രിയിലേക്ക് താത്കാലികമായി ആവശ്യമായ വൈദ്യുതി ഉറപ്പാക്കാം.
ചെലവ് 60 കോടി രൂപ.
പൂര്‍ത്തിയായത് 150 ദിവസംകൊണ്ട്.
മൂന്നുമേഖലകളിലായി 51,200 അടി വിസ്തീര്‍ണം.
541 കിടക്കകള്‍.
40 അടി നീളവും പത്തടി വീതിയുമുള്ള 128 പ്രീ-ഫാബ്സ്റ്റീല്‍ യൂണിറ്റുകള്‍.
ഓരോന്നിലും ശുചിമുറി, ഫാനുകള്‍, രണ്ടുവീതം എ.സി.
രണ്ട് നിരകളടങ്ങിയ യൂണിറ്റുകളെ അഭിമുഖമായി ചേര്‍ത്ത് മേല്‍ക്കൂരയും നടുവില്‍ ഇടനാഴിയും.
ഒന്നാം മേഖലയില്‍ 210 പേര്‍ക്ക് നിരീക്ഷണത്തിനുള്ള സൗകര്യം. റിസപ്ഷന്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിഭാഗം, സ്രവപരിശോധനാ സൗകര്യം, കാന്റീന്‍.
മധ്യമേഖലയില്‍ 150 പേര്‍ക്ക് നിരീക്ഷണത്തിനുള്ള സൗകര്യവും 108 പേര്‍ക്കുള്ള ഐസൊലേഷന്‍ യൂണിറ്റുകളും. ഇവിടെ ഡക്ട് എ.സി. സംവിധാനം.
എറ്റവും താഴെ 80 പേര്‍ക്ക് നിരീക്ഷണത്തിനുള്ള സൗകര്യവും മറ്റു സംവിധാനങ്ങളും.
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അഞ്ചുകട്ടില്‍ വീതമുള്ള യൂണിറ്റുകള്‍.
കുടുംബത്തിന് നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നാല്‍ ഒരു യൂണിറ്റ് പ്രയോജനപ്പെടുത്താം.
വയോജനങ്ങള്‍ക്ക് ആവശ്യാനുസരണം ക്രമപ്പെടുത്താവുന്ന ഒറ്റ കട്ടില്‍ യൂണിറ്റ്.
1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി. വെള്ളത്തിനായി നിലവില്‍ മൂന്നു കുഴല്‍ക്കിണര്‍. ഭാവിയില്‍ ബാവിക്കരയില്‍നിന്ന് പ്രത്യേക പൈപ്പ് ലൈനിന് പദ്ധതി.
വൈദ്യുതിക്കായി മൈലാട്ടി 220 കെ.വി. സബ്സ്റ്റേഷനില്‍നിന്ന് ആറരക്കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക ലൈന്‍, 2000 കെ.വി.എ.യുടെ പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍.
ശൗചാലയങ്ങളില്‍നിന്നുള്ള മാലിന്യം സംഭരിച്ച് സംസ്‌കരിക്കാന്‍ 63 ബയോ ഡയജസ്റ്റേഴ്സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍.
ആശുപത്രിമാലിന്യം ഇടാന്‍ ബയോവേസ്റ്റ് കാബിന്‍.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഏതു യൂണിറ്റിലും എളുപ്പമെത്താന്‍ 1200 മീറ്റര്‍ ടാര്‍ചെയ്ത റോഡ്. അരികുകളില്‍ പൂന്തോട്ടവും തണല്‍മരങ്ങളും.
ദേശീയപാത 66-ലെ തെക്കില്‍ അമ്പട്ടയില്‍നിന്ന് 700 മീറ്റര്‍ നീളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പുതിയ റോഡ്. ചട്ടഞ്ചാല്‍ നോര്‍ത്തില്‍നിന്ന് എം.ഐ.സി. കോളേജ് വഴി താത്കാലിക റോഡ് സൗകര്യം.
Content Highlight; Tata's 540-bed Covid-19 hospital in Kasaragod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..