കാസർകോട് ചട്ടഞ്ചാലിൽ നിർമാണം പൂർത്തിയായ ടാറ്റാ കോവിഡ് ആശുപത്രി | ഫൊട്ടൊ: മാതൃഭൂമി
കാസര്‍കോട്: ടാറ്റ കോവിഡ് ആശുപത്രി ഉടന്‍ എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആക്കി മാറ്റാനാകില്ലെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് സുപ്രീംകോടതിയെ അറിയിച്ചു. ജില്ലയിലെ മുപ്പത്തിയെട്ട് പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു.
ടാറ്റ കോവിഡ് ആശുപത്രി എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ഐസൊലേഷന്‍, ക്വാറന്റീന് സെന്ററുകള്‍ ആയിട്ടാണ് ആശുപത്രി ആരംഭിച്ചതെന്ന് ജില്ലാ ആരോഗ്യവിഭാഗം മേധാവി അറിയിച്ചതായി ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ ഈ ആശുപത്രി മങ്കിപോക്സ് സംശയിക്കപ്പെടുന്നവരുടെയും കോവിഡ് രോഗികളുടെയും ഐസൊലേഷന്‍ സെന്ററായി പ്രവര്‍ത്തിച്ച് വരികയാണ്. മറ്റ് ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആശുപത്രി ഉപയോഗിക്കണമെങ്കില്‍ പകര്‍ച്ചവ്യാധി ബാധിതരെ ചികിത്സിക്കുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
550 കിടക്കകളുള്ള ആശുപത്രി കോവിഡ് എണ്ണം കുറഞ്ഞതോടെ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അഭിഭാഷകര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രത്യേക പാലിയേറ്റിവ് കെയര്‍ ഇല്ലാത്തതിനാല്‍ ഈ ആശുപത്രി എന്‍ഡോസള്‍ഫാന്‍ ആശുപത്രിയായി മാറ്റണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കാസര്‍കോട് ജില്ലയിലെ പതിനൊന്ന് എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലും പ്രത്യേകം പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ ഉണ്ടെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..