ന്യൂഡല്‍ഹി: വന്‍നഷ്ടം നേരിടുന്ന എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നതിനിടെ എയര്‍ ഇന്ത്യയെ വാങ്ങുവാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്. 

സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് എയര്‍ഇന്ത്യയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഇതേക്കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ സര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നും ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എയര്‍ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുവാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

 52,000-ത്തിലേറെ കോടി രൂപയുടെ കടമാണ് എയര്‍ഇന്ത്യയ്ക്കുള്ളതെന്നാണ് കണക്ക്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റൊഴിയണമെന്ന് നേരത്തെ തന്നെ നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു.  

ഈ നിര്‍ദേശത്തെ പിന്തുണച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ വഴികളും തേടണമെന്ന് വ്യോമയാനമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു.

എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ ആലോചിക്കുകയാണെങ്കില്‍ ടാറ്റ ഗ്രൂപ്പ് സന്തോഷപൂര്‍വ്വം ആ ശ്രമത്തില്‍ പങ്കുചേരുമെന്ന് 2013-ല്‍ അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയര്‍ാന്‍ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. 

1932-ല്‍ ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഉടമ ടാറ്റ എയര്‍ലൈന്‍സാണ് സ്വാതന്ത്ര്യാനന്തരം 1948-ല്‍ എയര്‍ഇന്ത്യയായി മാറിയത്. കേന്ദ്രസര്‍ക്കാര്‍ - ടാറ്റ ഗ്രൂപ്പ് സംയുക്ത സംരഭമായി പ്രവര്‍ത്തിച്ച ഈ സ്ഥാപനം 1953-ലാണ് ദേശസാത്കരണം വഴി സര്‍ക്കാരിന് സ്വന്തമായത്. 

ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുകയാണെങ്കില്‍ സ്വന്തം വീട്ടിലേക്കുള്ള തിരിച്ചു പോക്ക് കൂടിയാവും എയര്‍ ഇന്ത്യയ്ക്ക് അത്. നിലവില്‍ ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഏഷ്യയിലും, വിസ്താര എയര്‍ലൈന്‍സിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്.