തിരുവനന്തപുരം: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ് ദേശീയ നേതൃത്വം. വിവിധ ക്രൈസ്തവ സഭാ അധ്യക്ഷൻമാരുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി താരിഖ് അൻവർ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടമായ ക്രൈസ്തവ വോട്ടുകൾ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടാണ് ക്രൈസ്തവ സഭാ അധ്യക്ഷൻമാരുമായി എഐസിസി സംഘം കൂടിക്കാഴ്ച നടത്തിയത്. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയുമായുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. മാർത്തോമ സഭാ ബിഷപ്പിനെയും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

സൗഹൃദ സന്ദർശനം മാത്രമാണെന്ന് താരിഖ് അൻവർ വ്യക്തമാക്കിയെങ്കിലും പൊതുരാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. എഐസിസി സെക്രട്ടറി ഇവാന്‍ ഡിസൂസ, ആന്റോ ആന്റണി എംപി തുടങ്ങിയവരും താരിഖ് അൻവറിനൊപ്പമുണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ്, കെ.എസ്.യു അടക്കമുള്ള പോഷക സഘടനാ പ്രതിനിധികളുമായുള്ള എഐസിസി ചർച്ചകളും സമാന്തരമായി പുരോഗമിക്കുകയാണ്. 50 ശതമാനത്തോളം പ്രാതിനിധ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വേണമെന്നും സ്ഥിരം മുഖങ്ങൾ മാറിനിൽക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് നിലപാട്. മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഒന്നിച്ച് യോഗം വിളിക്കണമെന്ന ആവശ്യം കെ.എസ്.യു മുന്നോട്ടുവെച്ചു. സിപിഎമ്മും ബിജെപിയും നൽകുന്നതിന് സമാനമായി വനിതകൾക്ക് പ്രതിനിധ്യം കോൺഗ്രസും നൽകണമെന്ന് മഹിളാ കോൺഗ്രസും എഐസിസിക്ക് മുന്നിൽ ആവശ്യം ഉന്നയിച്ചു.

സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് എഐസിസി സംഘം ഉടൻ തന്നെ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.

content highlights:Tariq Anwar visit cardinal baselios cleemis.