ഫയൽ ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: പേരിൽ മുസ്ലീമുള്ള പാർട്ടികളെ ബിജെപി പിന്തുണയുള്ള ഹർജിക്കാരൻ ലക്ഷ്യം വയ്ക്കുന്നതായി മുസ്ലീം ലീഗ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണ് മുസ്ലീം ലീഗ് ഉൾപ്പടെ പേരിൽ മുസ്ലീമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ ശ്രമിക്കുന്നതെന്നും പാർട്ടി സുപ്രീം കോടതിയിൽ ആരോപിച്ചു. ഇതേ തുടർന്ന് ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ ഹർജി നൽകിയ വ്യക്തി മതേതരവാദി ആയിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹർജിക്കാരന് എതിരെ മുസ്ലീം ലീഗിന്റെ അഭിഭാഷകർ ഗുരുതര ആരോപണം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. മുസ്ലീം ഇതര മതങ്ങളുടെ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയപാർട്ടികളെ ഹർജിക്കാരൻ കേസിൽ കക്ഷി ചേർത്തിട്ടില്ല. ഹിന്ദു ജാഗരൺ മഞ്ച്, അകാലി ദൾ തുടങ്ങിയ പാർട്ടികളെ എന്തുകൊണ്ടാണ് കക്ഷി ചേർക്കാത്തത് എന്ന് മുസ്ലീം ലീഗിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ആരാഞ്ഞു. ഇത് ഹർജിക്കാരന്റെ രാഷ്ട്രീയ ചായ്‌വും താത്പര്യവും സൂചിപ്പിക്കുന്നത് ആണെന്ന് ഇരുവരും ആരോപിച്ചു.
തുടർന്ന് കേസിൽ മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളെയും കക്ഷിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹർജിക്കാരന്‍ മതേതര വാദിയായിരിക്കണമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന നിർദേശിച്ചു.
മുസ്ലീം എന്ന് പേരിലുള്ളത് കാരണം മതേതര വിരുദ്ധമാകില്ല : AIMIM
മുസ്ലീമെന്ന് പേരിൽ ഉള്ളത് കാരണം ഒരു രാഷ്ട്രീയ പാർട്ടിയും മതേതര വിരുദ്ധമാകില്ലെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലീം. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് പാർട്ടിയുടെ അധ്യക്ഷൻ അസദുദ്ദിൻ ഒവൈസി ഇക്കാര്യം വ്യക്തമാക്കിയത്.
കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹർജി ഭരണഘടന ബെഞ്ചിന് വിടണമെന്ന് ഒവൈസിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് ജസ്റ്റിസ് മാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ ജാതി, വർഗ്ഗം, ഭാഷ എന്നിവയുടെ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും കേസിൽ കക്ഷി ചേർക്കണമെന്ന് കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ ഈ പാർട്ടികൾക്കും ബാധകം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അദ്ദേഹം കോടതിയിൽ നിന്ന് മറച്ചുവച്ചെന്നും വേണുഗോപാൽ കോടതിയിൽ ആരോപിച്ചു. ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഇരുപത്തിലേക്ക് മാറ്റി.
Content Highlights: Targetting parties with Muslim names says mulsim league in supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..