File Photo | Mathrubhumi archives
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്ത് മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതിയുണ്ടെന്ന് വ്യക്തമാക്കി കേരളം. മൂല പാട്ടക്കരാറിലെ അഞ്ചാം ക്ലോസ് പ്രകാരം അറ്റകുറ്റപ്പണിക്കായി മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതിയുണ്ടെന്നാണ് കേരളം വ്യക്തമാക്കുന്നത്. മരംമുറി ഉത്തരവിന്റെ നടപടിക്രമങ്ങളിലാണ് മൂലകരാര്‍ ഉദ്ധരിച്ചിരിക്കുന്നത്. മൂലകരാറിലെ ഈ പരാമര്‍ശം ഉള്‍പ്പെടുത്തിയാണ് വൈല്‍ഡ് ലൈഫ് വാര്ഡന് ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്കി ഉത്തരവിറക്കിയത്.
ഈ മാസം അഞ്ചാം തീയതിയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്ന മുല്ലപ്പെരിയാര്‍ ബേബി ഡാം പരിസരത്തെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ട് കേരളം ഉത്തരവിറക്കിയത്. സര്‍ക്കാരിന് വേണ്ടി വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസാണ് ഈ ഉത്തരവിറക്കിയത്. ഉത്തരവ് തയ്യാറാക്കിയതിന്റെ നടപടിക്രമങ്ങളിലാണ് കരാര്‍ സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്നാടും തിരുവിതാംകൂറും തമ്മില്‍ 1886-ല്‍ ഒപ്പുവെച്ച മൂലകരാറിലാണ് ഡാമിന്റെ അറ്റകുറ്റപ്പണിക്കായി ഈ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ മുറിക്കുന്ന മരങ്ങളും അതിന്റെ അവശിഷ്ടങ്ങളും പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ഭാഗമായതിനാല്‍ അവിടെ തന്നെ നിക്ഷേപിക്കണമെന്ന് കരാറില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
1970-ല്‍ പാട്ടക്കരാര്‍ ഭേദഗതി ചെയ്തിരുന്നു. അപ്പോള്‍ ഇന്ത്യാ രാജ്യം നിലവില്‍വന്നിരുന്നതിനാല്‍ രാജ്യത്തെ നിയമങ്ങളും ഇതിന് ബാധകമാണ്. തമിഴ്നാടിന് മരങ്ങള്‍ മുറിക്കാനും അറ്റകുറ്റപ്പണി നടത്താനും അനുമതിയുണ്ടെന്ന കാര്യം കേരളത്തിന് നേരത്തെ തന്നെ വ്യക്തമായി അറിയാമായിരുന്നുവെന്നതാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച ഉത്തരവ് പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത്.
1970-ല്‍ കരാര്‍ പുതുക്കിയതിനാല്‍ മൂലകരാറില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതിയില്‍ വരുമ്പോള്‍ തമിഴ്നാട് വാദിക്കാറുള്ളത്. കരാര്‍ ഒപ്പിട്ടത് ഇന്ത്യയിലെ നിയമങ്ങള്‍ വരുന്നതിന് മുന്‍പാണെന്ന കേരളത്തിന്റെ വാദത്തെ തമിഴ്നാട് എതിര്‍ക്കുന്നതും 1970-ലെ ഭേദഗതി ചൂണ്ടിക്കാണിച്ചാണ്. മരംമുറി സംബന്ധിച്ച് കേരള സര്‍ക്കാരിന് ഒന്നും അറിയില്ലെന്ന വിവാദം ചൂടുപിടിക്കുമ്പോഴാണ് ഉത്തരവിന് പിന്നാമ്പുറത്ത് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.
Content Highlights: tamilnadu had the permission to cut down trees in mullaperiyar says kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..