പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മാവോവാദിയെ തമിഴ്നാട് പോലീസിന്റെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) പിടികൂടി. മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ദീപക് (ചന്ദു) ആണ് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് പിടിയിലായത്.

പിടിയിലായത് ഛത്തീസ്ഗഢ് സ്വദേശി ദീപക് എന്ന ചന്ദ്രു തന്നെയാണെന്ന് പ്രത്യേക ദൗത്യസേനയുടെ ചുമതലയുള്ള എഡിജിപി സുനില്‍ കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാടന്‍ തോക്കും വെടിയുണ്ടകളും രേഖകളും പോലീസ് ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടന്ന സമയത്ത് ദീപക് അവിടെയുണ്ടായിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയാണ്. പശ്ചിമഘട്ട മേഖലയിലെ മാവോവാദികള്‍ക്ക് ദീപക്കാണ് ആയുധ പരിശീലനം നല്‍കിയിരുന്നത്. ദീപക് മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. 

ദീപക്കിനെ എസ്.ടി.എഫ് തമിഴ്നാട് ക്യൂ ബ്രാഞ്ചിനു കൈമാറും. അതിനു ശേഷമേ ഇവരെ കേരളാ പോലീസിന് ലഭിക്കൂ. ദീപക്കിനെ ജീവനോടെ പിടികൂടാന്‍ സാധിച്ചതിനാല്‍ ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

content highlights: tamil nadu police arrests maoist escaped from manjakkandi