പുറത്തു വന്ന വീഡിയോയിലെ ദൃശ്യങ്ങൾ | ഫോട്ടോ: Screengrab/ Mathrubhumi News
ശബരിമല: പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തി തമിഴ്‌നാട് സ്വദേശി. പൂജ നടത്തിയ ചെന്നൈ സ്വദേശി നാരായണന്‍ മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. വനത്തില്‍ അതിക്രമിച്ചു കയറിയതിന് വനംവകുപ്പ് ഇയാള്‍ക്കെതിര കേസെടുത്തു. സംഭവത്തില്‍ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ വ്യക്തമാക്കി.
വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. മകരവിളക്ക് തെളിക്കുന്ന തറയിലിരുന്നാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ എപ്പോഴാണ് പൂജ നടത്തിയതെന്നോ വീഡിയോ ചിത്രീകരിച്ചതാരാണെന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമല്ല. ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്‌സാപ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ വേണമെന്ന് ദേവസ്വത്തിന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പോലീസ് മേധാവിയും വനംവകുപ്പ് മേധാവിയുമുള്‍പ്പെടയുള്ളവര്‍ക്ക് പരാതി നല്‍കിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പങ്കെടുക്കുകയും ചെയ്തു.
ഏകദേശം ഒരു മാസം മുമ്പാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം. നാരായണന്‍ മുമ്പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുമ്പ് തന്ത്രി എന്ന ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിച്ചതിന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പടെയുള്ള പരാതികളും ഇയാള്‍ക്കെതിരെയുണ്ട്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകും. അതീവ സുരക്ഷമേഖലയായ പൊന്നമ്പലമേട് പരിസരത്ത് ഇയാള്‍ പൂജ നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ സംശയം.
Content Highlights: tamil nadu native encroached and offered pooja in ponnambalamedu devaswom board to take action


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..