ഗുരുവായൂര്‍: കണ്ണന്റെ ശ്രീകോവിലിനും മുഖമണ്ഡപത്തിനും സ്വര്‍ണപ്രഭ ചൊരിഞ്ഞ താജുദ്ദീന്‍ ഇനി ഓര്‍മ. മൂന്നുപതിറ്റാണ്ടുമുമ്പാണ് പഴനി സ്വദേശിയായ താജുദ്ദീന്‍ ക്ഷേത്രത്തിനു പുറത്തിരുന്ന് ഒരു സമര്‍പ്പണംപോലെ കണ്ണനുവേണ്ടി പൊന്‍തകിടുകള്‍ നിര്‍മിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ശ്രീകോവിലും മുഖമണ്ഡപവും മാത്രമല്ല, ഉത്സവത്തിന് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കുന്ന പഴുക്കാമണ്ഡപത്തിന്റെ സ്വര്‍ണത്തിളക്കത്തിലുമുണ്ട് താജുദ്ദീന്റെ കരസ്പര്‍ശം.

1978-ല്‍ ശ്രീകോവിലിന് സ്വര്‍ണം പൂശാന്‍ പഴനി സ്വദേശിയും അറിയപ്പെടുന്ന സ്വര്‍ണപ്പണിക്കാരനുമായ അമീര്‍ഖാനായിരുന്നു ചുമതല. അന്ന് സഹായിയായാണ് മകന്‍ താജുദ്ദീന്‍ വന്നത്. സ്വര്‍ണപ്പാളികള്‍ തയ്യാറാക്കാന്‍ അമീര്‍ഖാന്‍ മകനെയാണ് ഏല്പിച്ചത്. സാമൂതിരിപ്പാട് താമസിച്ചിരുന്ന കിഴക്കേനടയിലെ മണിമാളികയ്ക്കടുത്തായിരുന്നു (ഇന്നത്തെ വൈജയന്തി കെട്ടിടത്തിനു സമീപം) അവരുടെ പണിസ്ഥലം.

1200 ചെമ്പുപലകകള്‍, 80 വാമട, 70 മൂലപ്പലകകള്‍, നാഗഫണങ്ങള്‍, ബാലകൂടം, രൂപോത്തരം, കഴുക്കോല്‍ത്തലപ്പുകള്‍ തുടങ്ങിയവയില്‍ സ്വര്‍ണം പൊതിയല്‍ ആത്മാര്‍ഥതയുടെ മാറ്റുകുറയാതെയാണ് താജുദ്ദീന്‍ പൂര്‍ത്തിയാക്കിയത്. 28 കിലോ സ്വര്‍ണം വേണ്ടിവന്നു. അതിനുശേഷം 1980-ല്‍ ക്ഷേത്രമുഖമണ്ഡപത്തിന് സ്വര്‍ണത്തകിട് അടിക്കുന്നതിന് പിതാവിന്റെ സഹായമില്ലാതെ താജുദ്ദീന്‍ തനിച്ചാണ് എത്തിയത്.

93-ല്‍ പഴുക്കാമണ്ഡപം സ്വര്‍ണം പൊതിഞ്ഞ് മനോഹരമാക്കിയതിന് താജുദ്ദീനെ ഭക്തര്‍ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിഞ്ഞു. ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ പാടില്ലാത്തതുകൊണ്ട് ശ്രീകോവിലിന്റെയും മുഖമണ്ഡപത്തിന്റെയുമൊക്ക അളവുകള്‍ ആശാരിമാര്‍ താജുദ്ദീന് എത്തിക്കും. കണക്കുകള്‍ക്കായി അദ്ദേഹം ക്ഷേത്രനടയില്‍ കാത്തുനില്‍ക്കും. അളവുകോലുകള്‍ ലഭിച്ചാല്‍പ്പിന്നെ ഒരു യജ്ഞംപോലെ പണികള്‍ ആരംഭിക്കുകയായി. അതുകൊണ്ടുതന്നെ ഈ പഴനിക്കാരന്‍ ഗുരുവായൂരില്‍ പത്തരമാറ്റുള്ള ശില്പിയായി അറിയപ്പെട്ടു.