കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ താജ് മഹലിന് അഭിവാദ്യമര്‍പ്പിച്ച് കേരള ടൂറിസം. ഇന്ത്യയെ അടുത്തറിയാന്‍ ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്ക് പ്രേരണ നല്‍കുന്നത് താജ്മഹലാണെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ കേരള ടൂറിസം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം കൈപ്പുസ്തകത്തില്‍നിന്ന് താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പരാമര്‍ശവും വിവാദമായി. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുകയും ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുംകൊണ്ടാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന് തിരുത്തുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 26 ന് താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും യു.പി മുഖ്യമന്ത്രി വ്യക്താമാക്കി. എന്നാല്‍ വിവാദങ്ങള്‍ കെട്ടടങ്ങിയില്ല.

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന പരാമര്‍ശവുമായി ബി.ജെ.പി രാജ്യസഭാംഗം വിനയ് കത്യാര്‍ രംഗത്തെത്തി. ഇതിനിടെയാണ് കേരള ടൂറിസം സമൂഹ മാധ്യമങ്ങളിലൂടെ താജ്മഹലിന് അഭിവാദ്യം അര്‍പ്പിച്ചിട്ടുള്ളത്.

Tweet