ജെന്നിഫർ അവതരിപ്പിച്ച മോഹിനിയാട്ടം
വടക്കാഞ്ചേരി: കഥകളി സ്‌കൂള്‍ ഓഫ് സൊസൈറ്റിയുടെ ദേശീയ കഥകളി ഉത്സവത്തില്‍ താരമായി തായ്വാന്‍ നര്‍ത്തകി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തില്‍ ആറ് ദിവസമായി ചെറുതുരുത്തിയില്‍ നടന്ന ഉത്സവത്തിലായിരുന്നു തായ് വാന്‍ സ്വദേശിനിയായ ഷെങ് ചെന്‍ ല്യുവിന്റെ (ജെന്നിഫര്‍) നൃത്താവതരണം.
തായ്വാൻ കലാകാരി അവതരിപ്പിച്ച മോഹിനിയാട്ടം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ചൈനീസ് സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്.
15 വര്‍ഷങ്ങള്‍ക്കു മുമ്പ് തായ്വാനില് നിന്ന് ഇന്ത്യയെക്കുറിച്ച് കേട്ടറിഞ്ഞ് മുബൈയില്‍ എത്തിയതാണ് ജെന്നിഫര്‍. സരോജെഘാന്റെയും ഗണേശാചര്യയുടെയും കീഴില്‍ ബോളിവുഡ് ഡാന്‍സ് പരിശീലിച്ചു. ഇന്ത്യന്‍ ശാസ്ത്രീയ കലകളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യം ജെന്നിഫറിനെ കേരളത്തിലെത്തിച്ചു. കലാമണ്ഡലം ഹുസ്‌നാഭാനുവിനു കീഴില്‍ മോഹിനിയാട്ടം അഭ്യസിച്ചു. തുടര്‍ന്നു കേരളകലാമണ്ഡലത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിനു ചേര്‍ന്നു.
കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം സുജാത, കലാമണ്ഡലം സംഗീത, കലാമണ്ഡലം ശാലിനി, അഞ്ജലി തുടങ്ങിയവരുടെ കീഴില്‍ അഭ്യസനം പൂര്‍ത്തിയാക്കി കലാമണ്ഡലത്തില്‍ അരങ്ങേറ്റം നടത്തി. കലാമണ്ഡലത്തിലെ അഭ്യസന കാലയളവില്‍ ഭാരതീയകലകളെ അടുത്തറിയുന്നതിന് അവസരം കൈവന്നു. നങ്ങ്യാര്‍കൂത്തില്‍ ആകൃഷ്ടയായി. കലാമണ്ഡലം രശ്മിയുടെ കീഴില്‍ കഥകളി സ്‌കൂളില്‍ പഠിച്ച് അരങ്ങേറ്റം നടത്തി. തുടര്‍ന്ന് ചിത്രകലയില്‍ കലാമണ്ഡലം ബിന്ദുലേഖയുടെ കീഴില്‍ കേരളീയ മ്യൂറല്‍ പെയിന്റിംഗില്‍ പരിശീലനം നേടി. ജെന്നിഫറിന്റെ തനതു ശൈലിയില്‍ തയ്വാന്‍-കേരള ചിത്രകലാ സംസ്‌കാരങ്ങളെ സംയോജിപ്പിച്ചു സൃഷ്ടിച്ച പെയിന്റിംഗുകളുടെ പ്രദര്‍ശനവും കഥകളി ഉത്സവത്തിന്റെ ആദ്യ ദിവസം നടത്തി. കലാകാരിയായ ഇവര്‍ കളമെഴുത്തും അഭ്യസിച്ചുവരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..