തിരുവനന്തപുരം: പോലീസ് തലപ്പത്തുനിന്ന് നീക്കിയ ടി.പി സെന്‍കുമാറിനെതിരെ വീണ്ടും സര്‍ക്കാരിന്റെ നീക്കം. സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ മടക്കി അയച്ചു. രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താന്‍ മൂന്നുപേരുകള്‍ മാത്രമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഫയല്‍ മടക്കിയത്. പാനല്‍ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ഗവര്‍ണര്‍ക്കാണ് മടക്കി അയച്ചിട്ടുള്ളത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കോടതിയില്‍നിന്ന് ഇതുസംബന്ധിച്ച പരാമര്‍ശം ഉണ്ടായിരുന്നു. പിന്നാലെയാണ് ശുപാര്‍ശ മടക്കാനുള്ള സര്‍ക്കാര്‍ നീക്കം.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണ്. നിയമനം ലഭിച്ചാല്‍ അടുത്തുതന്നെ വിരമിക്കുന്ന സെന്‍കുമാറിന് 65 വയസുവരെ ട്രൈബ്യൂണല്‍ അംഗമായി തുടരാനാവും. രാഷ്ട്രപതിയാണ് ട്രൈബ്യൂണല്‍ അംഗങ്ങളെ അന്തിമമായി അംഗീകരിക്കേണ്ടത്.
ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡി.ജി.പി സ്ഥാനത്തിരിക്കെ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പകപോക്കലായാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ക്കുന്നതെന്ന് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..