ടി.പി പീതാംബരൻ; ഫോട്ടോ ടി.കെ പ്രദീപ്കുമാർ, മാതൃഭൂമി
കൊച്ചി: പാലാ സീറ്റിൽ തർക്കത്തിന്റെ ആവശ്യമില്ലെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ. സിറ്റിങ് സീറ്റുകളിൽ വിജയിച്ച ഘടകകക്ഷികളെ അവിടെ തന്നെ മത്സരിപ്പിക്കുക എന്നുളളതാണ് ഇടതുമുന്നണിയുടെ രീതി. സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി തര്‍ക്കം ഉന്നയിച്ചിട്ടില്ലെന്നും ഒത്തുതീർപ്പെന്ന പ്രശ്നമുദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. പാലാ സീറ്റിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. അതത് പാർട്ടികൾ മത്സരിച്ച് വിജയിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ മത്സരിക്കണമെന്നുളളതാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം. ആ തീരുമാനമനുസരിച്ച് എൻ.സി.പി. ജയിച്ച സീറ്റാണ് പാല. അതുകൊണ്ട് പാലയിൽ എൻ.സി.പി. തന്നെ മത്സരിക്കും. സിറ്റിങ് സീറ്റുകൾ വിട്ടുകളയുന്ന നടപടി ആരും സ്വീകരിക്കാറില്ല.
എൻസിപിക്കുളളിലെ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുളള ചോദ്യങ്ങൾക്ക് ജനാധിപത്യ പാർട്ടി ആയതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'എൻ.സി.പി. ഒരു അഖിലേന്ത്യാപാർട്ടിയാണ്. സ്വാഭാവികമായി നയപരമായി കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക. കേന്ദ്രം എടുക്കുന്ന തീരുമാനം ഞങ്ങളുടേതുമാണ്. പാർട്ടി തീരുമാനം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുക.
ഇടതുമുന്നണിയിലേക്ക് വരുമ്പോൾ പാലാ സീറ്റ് എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നെന്നും അതിന് നേതൃത്വം സമ്മതിച്ചെന്നുമുളള രീതിയിൽ കേരള കോൺഗ്രസ് എം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇടതുമുന്നണി അത് സ്ഥിരീകരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലല്ല എൽഡിഎഫ് നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം നടത്താറുളളത്. പാലാ സീറ്റ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച എൻ.സി.പി. ഇടതുമുന്നണിയെ നേരത്തേയും എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു.
Content Highlights:T.P.Peethambaran Master reacts about Pala seat row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..