തിരുവഞ്ചൂർ രാധാകൃഷ്ണൻ | Photo - Mathrubhumi archives
തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരേ നിയമസഭയില്‍ എം.എം. മണി നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ, ടി.പി. വധവും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ പ്രതികളെ 'ഓഫര്‍' ചെയ്ത് സി.പി.എം. നേതാക്കള്‍ വന്നിരുന്നുവെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തല്‍.
എ.ഡി.ജി.പി. വിന്‍സണ്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പോലീസുദ്യോഗസ്ഥരോടാണ് പ്രതികളെ ഹാജരാക്കാമെന്ന് സി.പി.എം. നേതാക്കള്‍ അറിയിച്ചതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥര്‍ അന്നത്തെ മന്ത്രിയായിരുന്ന തന്നെ അറിയിച്ചു. പാര്‍ട്ടി ഹാജരാക്കുന്ന പ്രതികളെ ഏറ്റെടുക്കുന്ന രീതി വേണ്ടെന്ന് അന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് യഥാര്‍ഥ കൊലയാളികളെ പിടികൂടാനായത്. അവര്‍ക്കെല്ലാം സി.പി.എം. ബന്ധമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഏതു നേതാക്കളാണ് പ്രതികളെ ഹാജരാക്കാമെന്ന് അറിയിച്ചതെന്ന ചോദ്യത്തിന് തിരുവഞ്ചൂര്‍ ഉത്തരം നല്‍കിയില്ല. വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നായിരുന്നു മറുപടി. അന്നത്തെ രീതിയായിരുന്നു അത്. ടി.പി. കേസിലും അതുണ്ടായെന്ന് ബോധ്യപ്പെടുത്തുകയാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. കേസില്‍ ഗൂഢാലോചന പുറത്തുവരാതിരിക്കാന്‍ സി.ബി.ഐ. അന്വേഷണം അട്ടിമറിച്ചെന്നും അതിനായി സി.പി.എം-ബി.ജെ.പി. ധാരണയുണ്ടായെന്നും പ്രതിപക്ഷ മുന്‍ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ ഒത്തുതീര്പ്പില്ലായിരുന്നെങ്കില് ഗൂഢാലോചനക്കാരായ വമ്പന്‍സ്രാവുകള്‍ പിടിയിലാകുമായിരുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.
നിയമസഭയ്ക്കും ജനാധിപത്യകേരളത്തിനും തീരാകളങ്കമാണ് എം.എം. മണി വരുത്തിയിരിക്കുന്നതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..