തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കം സംഘപരിവാര്‍ ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക്. ബാബറി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ താജ്മഹലിനെയും ഒരു തര്‍ക്ക മന്ദിരമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബാബറി മസ്ജിദിനെ തകര്‍ത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണ്. ലോകമെമ്പാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൗന്ദര്യാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ ആ അജണ്ടയ്ക്ക് ഇരയാകുന്നുവെന്നത് വലിയ ദുരന്തമാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.