തിരുവനന്തപുരം: താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ടി. ദാമു (77) അന്തരിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച പുലര്‍ച്ചെ ഏഴരയോടെ ആയിരുന്നു അന്ത്യം. ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു. സംസ്‌കാരം ഇന്ന്(ബുധനാഴ്ച) ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

പത്രലേഖകനായി തൊഴില്‍ജീവിതം ആരംഭിച്ച ദാമു, 1965-ലാണ് മുംബൈ ടാറ്റാ സര്‍വീസ് ലിമിറ്റഡില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 1980 വരെ അദ്ദേഹം അവിടെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980 മുതല്‍ 1985 വരെ കെല്‍ട്രോണ്‍ ഗ്രൂപ്പ് ചെയര്‍മാന്റെ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. 1985-ല്‍ അദ്ദേഹം ടാറ്റാ ടീ ലിമിറ്റഡി(ടി.ടി.എല്‍)ല്‍ ചേര്‍ന്നു. 14 വര്‍ഷത്തെ സേവനത്തിനു ശേഷം കമ്പനിയുടെ വൈസ് പ്രസിഡന്റ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് സ്ഥാനത്തുനിന്ന് വിരമിച്ചു. 

ടി.ടി.എല്ലില്‍നിന്ന് വിരമിച്ചതിനു പിന്നാലെ അദ്ദേഹം ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ താജ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിന്റെ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. കേരള സംസ്ഥാന വൈല്‍ഡ് ലൈഫ് അഡ്വൈസറി ബോര്‍ഡ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈറേഞ്ച് വൈല്‍ഡ് ലൈഫ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പ്രിസര്‍വേഷന്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു.  

ലങ്കാപര്‍വം, മൂന്നാര്‍ രേഖകള്‍ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മികച്ച യാത്രാ വിവരണത്തിനുള്ള അവാര്‍ഡിന് 2002 സെപ്തംബറില്‍ അര്‍ഹനായിരുന്നു. പരേതരായ പി. കുഞ്ഞിരാമന്‍, മാണിക്യം എന്നിവരാണ് ദാമുവിന്റെ മാതാപിതാക്കള്‍. ഭാര്യ പരേതയായ ദേവിക റാണി. മക്കള്‍: ദിവ്യ, ആദര്‍ശ്. മരുമകന്‍: കിരണ്‍ ചന്ദ്. കൊച്ചുമകന്‍ ദേവ് കിരണ്‍

content highlights: t damu passes away