കെ. സുധാകരൻ, ടി അസഫലി | Photo: മാതൃഭൂമി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് വഴിവെച്ച് അഭിഭാഷക സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. അസഫലി രാജിവെച്ചു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുഭാവികളായ അഭിഭാഷകരുടെ സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്. ഹൈക്കോടതി മുതല്‍ എല്ലാ കീഴ്‌ക്കോടതികളിലും ലോയേഴ്‌സ് കോണ്‍ഗ്രസിന് യൂണിറ്റുകളുമുണ്ട്.
കോണ്‍ഗ്രസുകാര്‍ പ്രതിയാകുകയും ഇരയാകുകയും ചെയ്യുന്ന കേസുകളില്‍ നിയമസഹായം നല്‍കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ മേയില്‍ അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരന്‍ ചെയര്‍മാനായി പുതിയ ഒരു സംഘടന കൂടി രൂപവത്കരിച്ചിരുന്നു. കോണ്‍ഗ്രസ് നിയമ സഹായസമിതി എന്നപേരിലായിരുന്ന കെപിസിസി അധ്യക്ഷന്റെ അനുമതിയോടെയുള്ള പുതിയ സംഘടന. ഇവര്‍ സമാന്തരമായി ജില്ലാ കമ്മിറ്റികളും മറ്റും രൂപവത്കരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയായിരുന്നു.
വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് ഇവര്‍ ചില ചര്‍ച്ചകളും നടത്തിയിരുന്നു.ഈ വിഷയം ചൂണ്ടിക്കാണിച്ച് ടി. അസഫലി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പിന്നീട് കൊച്ചിയില്‍ യോഗംചേര്‍ന്ന് പുതിയ സംഘടനയെ നിരോധിക്കണമെന്നും അല്ലെങ്കില്‍ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
ടി. അസഫലിയുടെ നേതൃത്വത്തിലെടുത്ത ഈ തീരുമാനത്തെ കെപിസിസി നേതൃത്വം ചോദ്യംചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രമേയം റദ്ദാക്കണമെന്നും ഇരുസംഘടനകളും പ്രവര്‍ത്തിക്കണമെന്നുമാണ് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് ടി. അസഫലി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..