കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ അഞ്ചംഗ മെത്രാന്‍ സമിതി സിനഡിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ഭൂമി ഇടപാടില്‍ ഉണ്ടായ നഷ്ടം വിവിധ സഭാ കാര്യാലയങ്ങള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് കോട്ടയം ആര്‍ച്ച് ബിഷപ്പ്  മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സഭാ സമിതി സമര്‍പ്പിച്ചിട്ടുള്ളത്.

സഭാ ഭരണത്തില്‍ സഹായ മെത്രാന്മാരുടെ സേവനംകൂടി പ്രയോജനപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭയുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധപതിപ്പിക്കേണ്ടതിനാല്‍ സഹായ മെത്രാന്മാരും സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം. ആര്‍ച്ച് ബിഷപ്പിന്റെ തിരക്ക് പരിഗണിച്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിശദമായ തെളിവെടുപ്പ് നടത്തിയശേഷമാണ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള സഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവരില്‍നിന്ന് മെത്രാന്‍ സമിതി തെളിവെടുത്തിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താനാണ് അഞ്ചംഗ മെത്രാന്‍ സമിതിയെ സിനഡ് നിയോഗിച്ചത്. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ സമിതിയില്‍ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യാത്ത്, മാര്‍ ജോര്‍ജ് മനത്തിക്കണ്ടത്തില്‍, സിനഡ് സെക്രട്ടറി മാര്‍ മാര്‍ ആന്റണി കരിയില്‍ എന്നിവരായിരുന്നു അംഗങ്ങള്‍.