സുപ്രീം കോടതി | ഫോട്ടോ - സാബു സ്കറിയമാതൃഭൂമി
ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സിറോ മലബാർ സഭയുടെ ബത്തേരി രൂപത നല്കിയ ഹര്‍ജിയിലാണിത്. സംസ്ഥാന സര്‍ക്കാരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്പ്പെട്ടയുള്ളവര്ക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ആയിരുന്നു ഹര്‍ജി.
സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്പനയില് ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. പള്ളികളുടെ ആസ്തിയും സ്വത്തും ട്രസ്റ്റുകളുടെ നിയന്ത്രണത്തില്‍ ആണെന്നും അതിനാല്‍ കോടതിയുടെ അനുമതിയില്ലാതെ ഭൂമി കൈമാറ്റം സാധ്യമല്ലെന്നും ആയിരുന്നു ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍. എന്നാല്‍ സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്ന് സിറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ക്ക് എതിരെയാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചത്. വിധിയിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്ന് രൂപതയുടെ അഭിഭാഷകരോട് സുപ്രീം കോടതി ആദ്യം ആരാഞ്ഞിരുന്നുവെങ്കിലും പിന്നീട് ഹര്‍ജിയില്‍ നോട്ടീസ് അയക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, വിക്രം നാഥ് എന്നിവരാണ് ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.
ബത്തേരി രൂപതയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് സി.യു സിങ്, റോമി ചാക്കോ എന്നിവരാണ് ഹാജരായത്. സിറോ മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്പനയില് ക്രമക്കേട് ആരോപിച്ചുള്ള കേസില്‍ വിചാരണ നേരിടണമെന്ന ഉത്തരവിന് എതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അപ്പീല്‍ നല്‍കുമെന്ന് സഭാ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കര്‍ദിനാളിന്റെ അപ്പീല്‍ ഇതുവരെയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..