എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്ക പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻറെ ദൃശ്യം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്ബാനയ്ക്കെതിരെ പ്രതിഷേധം. അതിരൂപതയുടെ ആസ്ഥാനം കൂടിയായ സെന്റ്മേരീസ് ബസലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അഡ്മിനിസ്ട്രേറ്റര്‍ ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഏകീകൃതകുര്‍ബാനയെ അനുകൂലിക്കുന്നവരും സ്ഥലത്ത് തടിച്ചുകൂടി.
കുര്‍ബാനയര്‍പ്പിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ മുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവര്‍ പള്ളിയുടെ ഗേറ്റ് ഉള്ളില്‍ നിന്ന് അടച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് എത്തിയതോടെ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവര്‍ കൈയ്യടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു. ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പോലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസലിക്കയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.
ആര്‍ച്ച് ബിഷപ്പിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിച്ചു. ഇതോടെ വിശ്വാസികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആര്‍ച്ച് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ അതിരൂപതാ ആസ്ഥാനത്തേക്ക് ഗേറ്റ് ചവിട്ടിപ്പൊളിച്ച് തള്ളിക്കയറുകയായിരുന്നു.
2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയും തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല. സിറോ മലബാര്‍ സഭയിലെ മറ്റ് എല്ലാ രൂപതകളും ഏകീകൃത കുര്‍ബാനയിലേക്ക് മാറിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ മാത്രം പ്രതിഷേധം തുടരുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കങ്ങള്‍ക്കൊടുവിലാണ് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.
Content Highlights: syro malabar church ernakulam angamali athiroopatha unified holy mass protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..