കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരികെ എത്തിയതിനെതിരെ സിറോ മലബാര്‍ സഭയിലെ വിമത വിഭാഗം. വിമത വൈദികരുടെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലെ തീരുമാനങ്ങള്‍ അനുസരിച്ച് അവര്‍ ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കര്‍ദിനാളിന് രൂപതാധ്യക്ഷന്റെ ചുമതല തിരികെ നല്‍കിയതിനെതിരെ പത്രക്കുറിപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ദിനാളിന് ചുമതല തിരികെ കൊടുത്തതിനെ ശക്തമായി അപലപിക്കുന്നുവെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. 

160 വൈദികര്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. രാത്രിയുടെ മറവില്‍ കര്‍ദിനാള്‍ അധികാരം ഏറ്റെടുത്തത് അപഹാസ്യമല്ലെയെന്ന് വിമത വിഭാഗം ചോദിക്കുന്നു. സഹായ മെത്രാന്മാരായ ജോസ് പുത്തന്‍ വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവരെ മാറ്റിനിര്‍ത്തിയ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഏത് സാഹചര്യത്തിലാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിയത് എന്നതില്‍ വ്യക്തത വന്നിട്ടില്ല എന്ന് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വത്തിക്കാനില്‍ നിന്ന് ഇറങ്ങിയിരിക്കുന്ന ഒരു കുറിപ്പില്‍ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി എന്നത് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അധികാരം കൈമാറി എന്നതില്‍ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം സഭയിലെ ഒരുകൂട്ടം വൈദികര്‍ കര്‍ദിനാളിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിവിവാദം സംബന്ധിച്ച് ആരോപണം നേരിടുന്ന കര്‍ദിനാളിനെ അംഗീകരിക്കാന്‍ കഴിയില്ല എന്ന് ഒരു വിഭാഗം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത സിനഡ് വരെ ഏതെങ്കിലും രീതിയിലുള്ള നിയമനങ്ങളോ, സ്ഥലംമാറ്റങ്ങളോ അംഗീകരിക്കുകയോ, അവ നടപ്പിലാക്കാന്‍ തയ്യാറാവുകയോ ചെയ്യില്ല എന്നാണ് വിമത വിഭാഗം വൈദികര്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Syro Malabar Church Eranakulam- Angamali Archdiocese Crisis, Cardinal Mar George Alancheri