കൊച്ചി: സുഗന്ധവ്യഞ്ജന സംസ്‌കരണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിലുള്ള സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. സമരവുമായി മുന്നോട്ടുപോയാല്‍ കമ്പനിയുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കേരളത്തിനു പുറത്തേക്ക് മാറ്റാന്‍ കമ്പനി നിര്‍ബന്ധിതമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ വിജു ജേക്കബ് പറഞ്ഞു.

തൊഴിലാളികളും മറ്റ് ജീവനക്കാരുമുള്‍പ്പെട്ട ആയിരത്തിലേറെപ്പേര്‍ക്ക് നേരിട്ടും അതിലേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നഷ്ടമാകുന്നതിന് ഇത് കാരണമാകും. തൊഴിലാളി യൂണിയന്‍ രൂപവത്കരണത്തിനാവശ്യമായ നിയമപ്രകാരമുള്ള റഫറണ്ടം നടത്താന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് തൊഴില്‍ സൗഹൃദത്തിനും മികച്ച പ്രവര്‍ത്തനത്തിനും പേരുകേട്ട സിന്തൈറ്റ് പോലൊരു സ്ഥാപനത്തെ വേട്ടയാടുന്നത്. ഇക്കാര്യത്തില്‍ പലതവണ മുഖ്യമന്ത്രിതലത്തില്‍ വരെ ബന്ധപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.

സിന്തൈറ്റ് കടയിരുപ്പ് യൂണിറ്റിലെ അഞ്ഞൂറിലേറെ വരുന്ന തൊഴിലാളികളിലെ 75 ശതമാനത്തിലേറെപ്പേരും അംഗങ്ങളായ സിന്തൈറ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സേവ) എന്ന തൊഴിലാളി സംഘടന നിലവിലുള്ളപ്പോഴാണ് വെറും 60 പേരുടെ പിന്തുണയുമായി സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സേവയുമായി കമ്പനിക്ക് ദീര്‍ഘകാല കരാറും നിലവിലുണ്ട്. കമ്പനി ജീവനക്കാരില്‍ മഹാ ഭൂരിപക്ഷവും രാഷ്ട്രീയ ബന്ധമുള്ള തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ താത്പര്യമില്ലാത്തവരാണ്. കഴിഞ്ഞ ദിവസം സിന്തൈറ്റിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് കമ്പനിയിലെ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുത്ത ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയിരുന്നു.

ഒരു മാസത്തിലേറെയായി വിവിധ സമര രീതികള്‍ അവലംബിച്ചതിനു ശേഷമാണ് കമ്പനിയുടെ മുന്നില്‍ സി.ഐ.ടി.യു. കുടില്‍കെട്ടി സത്യാഗ്രഹ സമരമാരംഭിച്ചത്. ഇത് കമ്പനിയിലെത്തുന്ന വിദേശ ഇടപാടുകാരില്‍ സംസ്ഥാനത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായ രൂപവത്കരണത്തിനിടയാക്കും.

സമരക്കാരുടെ ആവശ്യങ്ങള്‍

ഇതര സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത ട്രാന്‍സ്ഫറുകള്‍ റദ്ദു ചെയ്യുക, വാര്‍ഷിക ബോണസ്സുകളും ഡി.എ.യും നല്‍കുക എന്നിങ്ങനെ പത്ത് ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നതെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രിയല്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു. കമ്പനിപ്പടിയില്‍ സത്യാഗ്രഹ സമരം തുടങ്ങി. വ്യാഴാഴ്ച സി.പി.എം. കോലഞ്ചേരി ഏരിയ കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള സമരം ഉദ്ഘാടനം ചെയ്തു.