കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഹിന്ദുത്വ പാഠഭാഗം ഉള്‍പ്പെടുത്തിയത് കാവിവത്കരണമാണെന്ന ആരോപണം തള്ളി സിലബസ് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ കണ്‍വീനര്‍. സിലബസ് തയ്യാറാക്കിയ നാലംഗ സമിതി ഉദ്ദശിച്ചതിന് വിപരീതമായ രീതിയിലാണ് കാര്യങ്ങള്‍ വിവാദമായത്. സിലബസില്‍ ഇടത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആശയങ്ങള്‍ ഉള്ക്കൊള്ളിച്ചില്ലെന്ന വിമര്‍ശനത്തെ അംഗീകരിക്കുന്നുവെന്നും അധ്യാപകനും സിലബസ് സമിതി കണ്‍വീനറുമായ കെഎം സുധീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
മഹാത്മാ ഗാന്ധിയേയും നെഹ്രുവിനേയും സിലബസില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം തെറ്റാണ്. ഗാന്ധി, നെഹ്രു, അംബേദ്കര്‍, ടാഗോര്‍ തുടങ്ങിയവരെല്ലാം സിലബസിന്റെ ഭാഗമാണ്. ഹിന്ദുത്വ ആശയങ്ങളെക്കുറിച്ച് പറയുന്ന പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമെന്ന് പറയുന്നത് ശരിയല്ല. ഉത്തരേന്ത്യയിലെല്ലാം ഗാന്ധിയേയും നെഹ്രുവിനേയുമെല്ലാം തിരസ്കരിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഹിന്ദുത്വ നേതാക്കളെ സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അങ്ങനെയല്ല സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഗാന്ധിയും നെഹ്രുവും അംബേദ്കറും ദേശീയതയെക്കുറിച്ച് പ്രതിപാദിച്ച കാര്യങ്ങള്‍ കൂട്ടിവായിക്കണമെന്ന് പറഞ്ഞതിനൊപ്പമാണ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ കാര്യങ്ങളും വായിക്കണമെന്ന് സിലബസില്‍ നിര്‍ദേശിച്ചത്. എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്സ് പുതിയ കോഴ്സായതിനാല്‍ സിലബസ് തയ്യാറാക്കാന്‍ കുറച്ചു സമയം മാത്രമാണ് ലഭിച്ചത്. ഇടത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കാള്‍ ഉള്‍പ്പെടെയുള്ളവരുടെ പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താതിരുന്നത് പോരായ്മയാണെന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ സിലബസ് സമിതി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തില്‍ വൈസ് ചാന്‍സലര്‍ നല്കിയ വിശദീകരണത്തോട് പൂര്‍ണമായും യോജിക്കുന്നു. സിലബസ് തയ്യാറാക്കിയ കമ്മിറ്റിയുടെ നിലപാടും വൈസ് ചാന്‍സലര്‍ പറഞ്ഞതു തന്നെയാണ്. കമ്മിറ്റിയിലെ ഒരംഗം കഴിഞ്ഞ ദിവസം വൈസ് ചാന്‍സലറെ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പാഠഭാഗങ്ങള്‍ ജനാധിപത്യത്തിന്റെ കേന്ദ്രമാകണമെന്ന് തന്നെയാണ് നിലപാട്. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളുമെല്ലാം ഉണ്ടാകും. അതാണ് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ സിലബസില്‍ ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള വിവാദങ്ങളുണ്ടായതില് വ്യക്തിപരമായി ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിലബസ് തയ്യാറാക്കാനുള്ള ജോലിയാണ് തങ്ങളെ ഏല്‍പ്പിച്ചത്. ഇപ്പോഴുണ്ടായ വിവാദങ്ങളൊന്നും സമിതിയുടെ കാഴ്ചപ്പാടിലുണ്ടായിരുന്നില്ല. കാര്യങ്ങള്‍ എങ്ങനെ വിവാദമായെന്നും അറിയില്ല. നേരത്തെയും നിരവധി സിലബസ് തയ്യാറാക്കിയ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗമായിരുന്നു. എന്നാല്‍ പാഠഭാഗം സംബന്ധിച്ച് വിവാദം ഇതാദ്യമാണ്. ഈ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിനായി സിലബസ് തയ്യാറാക്കുമ്പോള്‍ അന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉണ്ടായിരുന്നില്ല. താന്‍ കണ്‍വീനറായ നാലംഗ വിദഗ്ധ സമിതിയാണ് സിലബസ് തയ്യാറാക്കിയത്. സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പാഠഭാഗങ്ങള്‍ സമിതി ഏകകണ്ഠമായാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.
വിവാദമുണ്ടായ പശ്ചാത്തലത്തില്‍ വിഷയം പഠിക്കാനായി നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് എന്തുതന്നെയാണെങ്കിലും അത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. താന്‍ ഉള്‍പ്പെടെയുള്ള ഈ കമ്മിറ്റിയെ അംഗങ്ങള്‍ പുരോഗമന ആശയങ്ങളുടെ ഭാഗമായി നില്ക്കുന്നവര് തന്നെയാണ്. അല്ലാതെ സിലബസിനെ കാവിവത്കരിക്കുന്നതിനോടോ വര്‍ഗീയ വത്ക്കരിക്കുന്നതിനോടോ യോജിപ്പുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.
സിലബസ് പൂര്ണല്ലെന്നും അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകള്‍ സിലബസിലുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ വിശദീകരിച്ചിരുന്നത്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും സിലബസില്‍ വന്നതില്‍ അപാകതയില്ല. എന്നാല്‍ ഹിന്ദുത്വ ആശയവാദികളുടെ അഞ്ച് പുസ്തകങ്ങള്‍ സിലബസില്‍ വേണ്ടിയിരുന്നില്ലെന്നും ഇടത്, ന്യൂനപക്ഷങ്ങളുടെ ആശയങ്ങള്‍ സിലബസില്‍ ഇല്ലാത്തത് വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സ്വാതന്ത്യ സമരത്തോട് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും അത് ഉയര്‍ത്തിപ്പിടിച്ച നേതാക്കളെയും മഹത്വവത്ക്കരിക്കുന്നത് ശരിയല്ലെന്നാണ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതി അഞ്ച് ദിവസത്തിനുള്ളില്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതു പഠിച്ച ശേഷം സിലബസ് പിന്‍വലിക്കണമോയെന്ന് തീരുമാനിക്കുമെന്നും വൈസ് ചാന്‍സലര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read More - വിവാദ സിലബസ് ഹിന്ദുത്വത്തിന്റെ പഠന യൂണിറ്റായി മാറാനുള്ള എല്ലാ സാഹചര്യവുമുണ്ട് - സുനിൽ പി ഇളയിടം
Read More - വിവിധ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍
Read More - ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത്-കെ.എന്‍. ഗണേശ്
Read More - ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാന്‍ അഞ്ച് പുസ്തകം ഉള്‍പ്പെടുത്തിയതിന് എന്തു ന്യായീകരണം?- ഡോ. ആസാദ്
content highlights: syllabus expert committee comments in kannur university syllabus controvesy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..