വീണിടത്ത് നിന്ന് ഒറ്റക്കാലില്‍ ഫിനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റു സ്വരൂപ് ജനാര്‍ദനന്‍ എന്ന വയനാട് പുളിയാര്‍മലക്കാരന്‍. സിനിമയെന്ന സ്വപ്നത്തെ ഡാന്‍സെന്ന വികാരത്തെ തട്ടിത്തെറിപ്പിച്ചു കളഞ്ഞിരുന്നു ഒരു കറുത്ത ഫെബ്രുവരിയിലെ അവന്റെ കാല് നഷ്ടപ്പെടുത്തിയ വാഹനാപകടം. പക്ഷെ വേദന കടിച്ചമര്‍ത്തി ഒടുവില്‍ അവന്‍ പറന്നുയര്‍ന്നു. സ്വപ്‌നസാക്ഷാത്കാരം ഹിമാലയത്തിന്റെ നെറുകെയില്‍ നിന്ന്. ഒറ്റക്കാലില്‍ അസാധ്യമെന്ന് തോന്നിയതിനെ പുഷ്പം പോലെ  കീഴടക്കി. ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ നഷ്ടപ്പെടലിന് സ്ഥാനം കൊടുത്തില്ല. ഒടുവില്‍ അവന്റെ കഥപറഞ്ഞു തന്നെ ആ കുഞ്ഞു സിനിമ പിറന്നു 'വിങ്സ്'

സ്വപ്നം  തകര്‍ത്ത ഫെബ്രുവരി

Swaroop
സ്വരൂപിന്റെ കത്തിയമര്‍ന്ന ബൈക്ക്‌

2020 ഫെബ്രുവരി എട്ടിനായിരുന്നു സ്വരൂപിന്റെ സ്വപ്‌നങ്ങളും ജീവിതവും തച്ചുടച്ച അപകടമുണ്ടായത്. ജോലിയാവശ്യത്തിനായുള്ള യാത്രയ്ക്കിടെ സ്വരൂപ് സഞ്ചരിച്ച ബൈക്ക് കാറിടിച്ച് കത്തിയമര്‍ന്നു. ഒടുവില്‍ ബാക്കിയായത് ചിന്നിച്ചിതറിയ കാലും അല്‍പ്പം ജീവനും മാത്രം. ഡാന്‍സ്, സിനിമ, ബോക്‌സിംഗ് എന്ന് വേണ്ട സ്വപ്‌നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായിപ്പോയി. ഡാന്‍സിനെ പ്രണയിച്ചവന് കാല് തന്നെ ഇല്ലാതായി. പക്ഷെ വിധിയെ പഴിക്കാതെ സിനിമാസ്വപ്നം രാകിമിനുക്കി മൂര്‍ച്ച കൂട്ടുകയായിരുന്നു സ്വരൂപ്. ഒടുവില്‍ മറ്റൊരു ഫെബ്രുവരിയില്‍ തന്നെ വിങ്സിന്റെ  ഷൂട്ട് പൂര്‍ത്തിയാക്കാനുമായി.

സ്വരൂപിനെ  കുറിച്ച് മാതൃഭൂമി ഡോട്‌കോം തയ്യാറാക്കിയ വീഡിയോ

സ്വൂരൂപിന്റെ തന്നെ കഥയാണ് വിങ്സിന്റെ ഇതിവൃത്തം. ജോലിയും അപകടവും ഒടുവില്‍ സ്വപ്നത്തെ ചേര്‍ത്ത് പിടിച്ച് വേദനയെ മറക്കുന്നതുമെല്ലാം കഥയ്ക്കപ്പുറം ജീവിതമായി അവതരിപ്പിച്ചു വിങ്സ് ടീം. സി.എസ് നവീന്‍കൃഷ്ണയാണ് ഹൃസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്, നവീന്‍കൃഷ്ണയും ജിഷണു ബാലനും തിരക്കഥയെഴുതിയെ സിനിമയുടെ നിര്‍മാണം സ്വാതി ചന്ദ്രബാബുവാണ്.     

ഒറ്റക്കാലില്‍ മണാലിയുടെ തണുപ്പിലേക്ക്

Swaroop
സ്വരൂപ് ജനാര്‍ദനന്‍

അപ്രതീക്ഷിതമായിട്ടായിരുന്നു വിങ്സിലേക്കുള്ള യാത്ര. എന്റെ കഥകേട്ട ഡയറക്ടര്‍ ആ  കഥ തന്നെ വെച്ച് ഷോര്‍ട് ഫിലിം എടുത്താലെന്താ എന്ന് ചോദിക്കുകയായിരുന്നു. സിനിയുടെ ക്ലൈമാക്‌സ് സീന്‍ ഷൂട്ടിനായാണ് മണാലിയിയെത്തിയത്. ആദ്യം വാഗമണ്‍ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നെ ഭാഗ്യം കൊണ്ട് മണാലിയെത്തുകയായിരുന്നു. ഒരുപക്ഷേ അപകടത്തിന് ശേഷം ഞാന്‍ ആദ്യമായി പോയ ഏറ്റവും വലിയ യാത്രയും മണാലിയിലേക്കായിരുന്നു. ഇവിടെ നിന്ന് ഫ്‌ളൈറ്റിന് പോയി അവിടെ നിന്ന് പന്ത്രണ്ട് മണിക്കൂറോളം ബസ്സില്‍ ഇരുന്നാണ് യാത്ര തുടര്‍ന്നത്. വെപ്പുകാല്‍ വെച്ച് യാത്ര ചെയ്തത് കൊണ്ട് തന്നെ അതികഠിനമായിരുന്നു ആ യാത്ര. പക്ഷെ എല്ലാ വേദനയും ഒരു സ്വപ്‌നസാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നല്ലോ എന്ന് ഓര്‍ത്ത് വേദന മറന്നുകളഞ്ഞു.

ഓരോ ദിവസവും ഷൂട്ടിനായി മഞ്ഞിലൂടെ വെപ്പുകാലും വെച്ച് വലിഞ്ഞ് വലിഞ്ഞ് നടന്ന് ഏറ്റവും മുകളില്‍ വരെയെത്തി. സൂര്യന്‍ താഴുന്ന സമയത്തുള്ള ഷോട്ടിലായിരുന്നു ക്ലൈമാക്‌സ് സീന്‍ വേണ്ടിയിരുന്നത്. അതുവരെ അവിടെ ടെന്‍ഡ്  അടിച്ച് നിന്നാണ് ആ സീനൊക്കെ ഷൂട്ട് ചെയ്തത്. സാധാരണ ജീവനുള്ള കാല് വെച്ച് പോലും മഞ്ഞിലൂടെ ഏറെ സമയം നടക്കുക എന്നത് ഏറേ ബുദ്ധിമുട്ടാണ്. അപ്പോള്‍ മടക്കാനും തിരിക്കാനുമാവാത്ത വെപ്പുകാല് വെച്ച് ഞാന്‍ വേദന മറന്ന് തന്നെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ചങ്ക് കൂട്ടുകാരുടെ ഫുള്‍ സപ്പോര്‍ട്ട്

Swaroop

സംവിധായകൻ അടക്കം ഞങ്ങള്‍ അഞ്ചുപേരാണ് മണാലിയിലേക്ക് പോയത്. ഒറ്റക്കാലിലുള്ള എന്റെ യാത്ര നേരത്തെ  പറഞ്ഞപോലെ ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു. അതിനെയൊക്കെ തരണം ചെയ്യാനായത് ചങ്ക് സുഹൃത്തുക്കളുടെ പിന്തുണ തന്നെയാണ്. ശരിക്കും നിരന്ന സ്ഥലത്ത് നിന്ന് മാത്രമാണ് എനിക്ക് ഒറ്റക്കാലും വെപ്പ് കാല്‍ വെച്ചും വൃത്തിയായി നടക്കാന്‍ കഴിയുക. ഇങ്ങനെയൊരാളേയും കൊണ്ട് മണാലിവരെ എങ്ങനെ എത്തുമെന്ന സംശയം എനിക്ക് മാത്രമായിരുന്നു പക്ഷെ സുഹൃത്തുക്കള്‍ എല്ലാത്തിനും കൂടെ നില്‍ക്കക തന്നെ ചെയ്തു.