കൊച്ചി: ശിവശങ്കറിനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സമ്മർദ്ദം മൂലമാകാമെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ. എം ശിവശങ്കറിന്റെ ജാമ്യഹർജി പരി​ഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ വാദം. കേസിൽ വാദം തുടരുകയാണ്.

ശിവശങ്കറിനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സമ്മർദ്ദം മൂലമാകാം. നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴൊന്നും അവർ ഈ മൊഴി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇ ഡി കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എൻ ഐ എ, ഇ ഡി കേസുകൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

സ്വർണക്കടത്ത് നടന്നത് ലോക്കർ ഇടപാട് നടന്ന് ഒരുവർഷത്തിന് ശേഷമാണ്. 2019ലാണ് സ്വർണക്കടത്ത് നടന്നത്‌ ലോക്കർ തുടങ്ങിയത് 2018 ആ​ഗസ്റ്റിലാണ്. അപ്പോൾ എങ്ങനെയാണ് കള്ളക്കടത്തിന് വേണ്ടി തുടങ്ങിയതാണെന്ന് പറയാൻ കഴിയും. കേസുകൾ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശിവശങ്കർ വിളിച്ചത് കസ്റ്റംസിനെ അല്ല. ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥനെയാണ് വിളിച്ചത്. ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും ശിവശങ്കറിന് വേണ്ടി വാദിച്ചു. ഹെെക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്.

അതേസമയം മൊഴികൾ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചു. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രധാനപ്രതിയാണ് മൊഴി നൽകിയിരിക്കുന്നത്. കള്ളക്കടത്തിന്റെ വരുമാനമെന്ന അറിവോടെയാണ്‌ സഹായിച്ചതെന്നാണ്‌ പ്രഥമദൃഷ്ട്യാ മനസിലാകുന്നത് അങ്ങനെയാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴിയെടുത്തത് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണെന്നും കോടതി വ്യക്തമാക്കി. ജാമ്യഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.

Content Highlights:swapnas statement against Sivasankar due to pressurethe target is the CMs officeShivshankars lawyer