പാലക്കാട് എച്ച്.ആർ.ഡി.എസ്. ഇന്ത്യയുടെ ഓഫീസിൽ സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തിരുവനന്തപുരം: തനിക്കെതിരേ നിന്ദ്യവും അപകീര്‍ത്തിപരവുമായ പരാമര്‍ശം നടത്തിയ ഇടത് നിരീക്ഷകനായ അഡ്വ. ബിഎന്‍ ഹസ്‌കറിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒരാഴ്ചക്കുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും സ്വപ്‌ന പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നോട് ചോദിച്ചതുപോലെ മാനനഷ്ടത്തിന് പണമെന്നും വേണ്ടെന്നും ഇത് ഒരു നോട്ടീസിന് വേണ്ടി മാത്രമുള്ള നോട്ടീസ് അല്ലെന്നും സ്വപ്‌ന പറഞ്ഞു.
അസംബന്ധപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ താന്‍ സഹിക്കാറില്ല. നിയമപരമായി അതിനെതിരേ പ്രതികരിക്കുകയും യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനുമുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നോട്ടീസ് എന്നും സ്വപ്‌ന പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീര്‍ത്തിപരവുമായ കമെന്റുകള്‍ ഞാന്‍ സഹിക്കാറില്ല. ഞാന്‍ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും.
എനിക്കെതിരെ നിന്ദ്യവും അപകീര്‍ത്തിപരവുമായ കമന്റുകള്‍ പറഞ്ഞ ടീവിയില്‍ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എന്‍ ഹസ്‌കറിനെതിരെ ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ കമന്റ് പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ ഞാന്‍ കോടതിയില്‍ കേസ് കൊടുക്കും.
ഗോവിന്ദന്‍ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്‌കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്‌കറിന് ഒരു കാര്യം ഞാന്‍ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാന്‍ വിടാന്‍ പോകുന്നില്ല.
ഇത് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.
Content Highlights: swapna suresh send legal notice against bn haskar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..