കെ.ടി. ജലീൽ, സ്വപ്‌ന സുരേഷ്| Photo: Mathrubhumi
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീലിനെതിരായി സ്വര്‍ണക്കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലം പുറത്ത്. യു.എ.ഇ. കോണ്‍സുല്‍ ജനറലും ജലീലും പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസുകള്‍ക്ക് ജലീല്‍ ലക്ഷ്യമിട്ടെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഒരു മലയാള ദിനപ്പത്രത്തിന് യു.എ.ഇയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ജലീല്‍ സഹായം ആവശ്യപ്പെട്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കെ.ടി. ജലീലിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ടാകുമെന്നും ചില തെളിവുകള്‍ കോടതിക്ക് സമര്‍പ്പിക്കുമെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ജലീല്‍, യു.എ.ഇ. കോണ്‍സുല്‍ ജനറലുമായി കോണ്‍സുല്‍ ജനറല്‍ ഓഫീസില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. കൂടാതെ, യു.എ.ഇ. ഭരണാധികാരിക്ക് ജലീല്‍ നേരിട്ട് കത്തയക്കുകയും ചെയ്തു. താന്‍ അതിന് സഹായിച്ചു എന്നും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
യു.എ.ഇയില്‍ കോവിഡ് ബാധിച്ച് നിരവധി മലയാളികള്‍ മരിച്ചിരുന്നു. ഇതു സംബന്ധിച്ച് ഒരു മലയാള ദിനപത്രം വാര്‍ത്ത നല്‍കി. ഈ ദിനപ്പത്രത്തെ യു.എ.ഇയില്‍ നിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് തന്നോടും യു.എ.ഇ. കോണ്‍സുല്‍ ജനറലിനോടും ജലീല്‍ ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഈ പത്രത്തെ നിരോധിക്കാനായാല്‍ രാഷ്ട്രീയമായും പാര്‍ട്ടിയിലും തനിക്ക് ഏറെ മൈലേജ് ഉണ്ടാക്കിത്തരുന്ന കാര്യമായിരിക്കും ഇതെന്ന് ജലീല്‍ പറഞ്ഞു. അതിന് പകരമായി താന്‍ നയതന്ത്ര ചാനല്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ അനധികൃത ഇടപാടുകള്‍ക്കും കെ.ടി ജലീല്‍ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞതായും സ്വപ്‌ന സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.
കേരളത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ജലീല്‍ ശ്രമിച്ചത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും സ്വന്തം രാജ്യത്തിനെതിരെയും ജനങ്ങള്‍ക്കെതിരെയുമാണ് ജലീല്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജലീലിന് മറ്റൊരു രാജ്യത്തോടാണ് കൂറ് എന്ന് തെളിയുകയാണെന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാണിക്കുന്നു.
സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ. അന്വേഷിക്കുന്നതാണ് നല്ലതെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞെന്നും സ്വപ്‌ന പറയുന്നു. കാരണം, എന്‍.ഐ.എയില്‍ ഉള്ളത് കേരള കേഡറില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് കാര്യങ്ങള്‍ അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞെന്നും സ്വപ്‌ന പറയുന്നു.
Content Highlights: Swapna Suresh's affidavit against K T Jaleel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..