സ്വപ്‌ന സുരേഷ്
ബെംഗളൂരു: ലൈഫ് മിഷന്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടില്‍ പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ സ്വപ്‌ന കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണ്ണത വരൂവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്‍മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്‌ന പറഞ്ഞു.
'ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം.
കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ തുടങ്ങി എല്ലാവും പുറത്ത് വരണം. കേസില്‍ കടലിനടയിലെ എല്ലാ വമ്പന്‍ സ്രാവുകളേയും പുറത്ത് കൊണ്ടുവരാനാണ് താന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നാലും ഇതില്‍ നിന്ന് പിന്‍മാറില്ല. ഈ ആളുകള്‍ക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവര്‍ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ്' സ്വപ്‌ന പറഞ്ഞു.
വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ കൂടി ഇതില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.എന്‍.രവീന്ദ്രന്‍. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരും.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടേയും മകള്‍ വീണയുടേയും യുഎഇയില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്ന മകന്റെ പങ്കും പുറത്ത് വരും. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രി ബാഗേജ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരിക തന്നെചെയ്യും.
യുഎഇയില്‍ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. നിങ്ങള്‍ കാത്തിരുന്ന് കാണൂ. വാങ്ങിക്കുന്ന ശമ്പളത്തിനായി അനുസരിക്കുക മാത്രമാണ് ഞാന്‍
ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളത് കൊണ്ട് എതിര്‍ക്കാന്‍ പറ്റിയില്ല.
ഞാനും ഇതില്‍ പ്രതിയായലേ ഈ കേസ് മുന്നോട്ട് പോകുകയുള്ളു. അടുത്ത മണിക്കൂറില്‍ അതുണ്ടായേക്കും. ഇതുവരെ സമന്‍സ് വന്നിട്ടില്ല. അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയില്‍ തന്നെയാണ് പോകുന്നത്. എല്ലാ പ്രോജക്ടിലും കൈയിട്ട് വാരുന്നയാളാണ് രവീന്ദ്രനെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
Content Highlights: Swapna suresh-life mission-m sivasankar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..