സ്വപ്ന സുരേഷ് |ഫോട്ടോ:മാതൃഭൂമി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. കേസ് സംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നും സ്വപ്‌ന പറഞ്ഞു. ഇതെല്ലാം പച്ചക്കള്ളമാണെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്‌ന ആവശ്യപ്പട്ടു.
ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. അതിനാല്‍ ഈ കൂടിക്കാഴ്ചയെല്ലാം ചട്ടവിരുദ്ധമാണ്. സ്വപ്നയെ അറിയില്ലെന്ന് പറയുന്നതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി മുഖ്യമന്ത്രി നിയമസഭയില്‍ പലപല കള്ളങ്ങള്‍ പറയുന്നത് ശരിയല്ലെന്നും സ്വപ്‌ന പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എല്ലാവരും ഇവരെയെല്ലാം തൊഴുതു മാത്രമേ നില്‍ക്കാറുള്ളു. അവിടെയുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്കെല്ലാമറിയാം. ഇവര്‍ക്ക് നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോണ്‍സല്‍ ജനറലിന്റെ നയതന്ത്ര പരിരക്ഷ ഉപയോഗിക്കേണ്ടി വന്നതും വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്‌ന ആരോപിച്ചു.
ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥതനായി തന്നെ സമീപിച്ചില്ലായിരുന്നെങ്കില്‍ രാത്രിക്ക് രാത്രി എ.ഡി.ജി.പി അജിത്ത് കുമാറിനെ എന്തിനാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയതെന്നും ഷാജ് കിരണിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.
സ്പ്രിംഗ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: swapna suresh allegation against cm pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..