കെടി ജലീൽ, സ്വപ്ന സുരേഷ് | Photo: മാതൃഭൂമി
കൊച്ചി: സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
Also Read
സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.
ഇതിനെക്കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.
എന്നാൽ മറ്റു അന്വേഷണ ഏജൻസികൾക്ക് സ്വപ്നയുടെ രഹസ്യമൊഴി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയോ എൻഐയോ കേസിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജൻസികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കം ഉന്നതർക്ക് എതിരായ രഹസ്യ മൊഴിയുടെ പകർപ്പാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..