തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി സ്വാമി ചിദാനന്ദപുരി. താന്‍ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ഒരു ബിഷപ്പിനോടോ മൗലവിയോടോ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ചോദിക്കുമോയെന്നും സ്വാമി ചിദാനന്ദപുരി ആരാഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയില്‍ വിലയിരുത്താനും വിമര്‍ശിക്കാനും അവകാശമുണ്ട്. ഒരു വ്യക്തി സന്യാസനിഷ്ഠ പുലര്‍ത്തുന്നുണ്ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയൂ. സന്യാസി അല്ല എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. ഏതെങ്കിലും ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാനുള്ള ആര്‍ജവം കോടിയേരിക്കുണ്ടോ- സ്വാമി ചിദാനന്ദപുരി ചോദിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തില്‍ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമി ചിദാനന്ദപുരിയെ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്വാമി ചിദാനന്ദപുരി സന്യാസിയല്ല, സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണെന്നും ശബരിമല കര്‍മസമിതി ആര്‍.എസ്.എസിന്റെ കര്‍മസമിതിയാണെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം.  

Content Highlights: swami chidanandapuri's comment about kodiyeri balakrishnan's criticism against him on Mathrubhumi News Super Prime Time