പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: റീസര്‍വേയില്‍ ഭൂമിയുടെ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയാല്‍ അത് ഉടമസ്ഥര്‍ക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓര്‍ഡിനന്‍സായി ഉടന്‍ കൊണ്ടുവരും. നിയമം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ കരട് ചര്‍ച്ചചെയ്യും. കണ്ടെത്തിയ അധികഭൂമി പതിച്ചുനല്‍കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. നികുതി അടയ്ക്കാനേ അനുവദിക്കാറുള്ളൂ. അധികഭൂമിക്ക് ഉടമസ്ഥാവകാശം നല്‍കാറില്ല. ഇത് നിയമനടപടികളിലേക്ക് നീങ്ങാറാണ് പതിവ്. ഭൂമി കൈമാറുമ്പോഴും അധികഭൂമിക്ക് വിലകിട്ടാറില്ല. അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് നിയമം.
റീസര്‍വേയില്‍ അളവുവ്യത്യാസം കണ്ടെത്തിയ ഒന്നരലക്ഷത്തോളം കേസുകള്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ട്. തുടങ്ങാനിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുമ്പോള്‍ കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയരാനാണ് സാധ്യത.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡിജിറ്റല്‍ റീസര്‍വേയിലുണ്ടാകുന്ന വ്യത്യാസവും എളുപ്പത്തില്‍ ക്രമീകരിക്കാനാവും. അധികഭൂമി ഉടമസ്ഥന് പതിച്ചുനല്‍കാന്‍ ചെറിയ ഫീസ് ഈടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഫീസ് വിപണിവിലയ്‌ക്കോ ന്യായവിലയ്‌ക്കോ ആനുപാതികമാക്കരുതെന്ന അഭിപ്രായം സര്‍ക്കാരിനുണ്ട്. എത്ര ഈടാക്കണമെന്നത് റവന്യൂവകുപ്പ് തീരുമാനിക്കും.
കരം സ്വീകരിക്കാന്‍ ഉത്തരവ്; ജനത്തിന് ആശ്വാസം
റീസര്‍വേയില്‍ ഭൂമിയുടെ അളവിന് വ്യത്യാസം വന്നാല്‍ കരം സ്വീകരിക്കാന്‍ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് ഒട്ടേറെ ഭൂവുടമകള്‍ക്ക് ആശ്വാസകരമാണ്. റീസര്‍വേയില്‍ വിസ്തീര്‍ണം കൂടുതലായാല്‍ റീസര്‍വേക്കുമുമ്പ് ആധാരപ്രകാരം പോക്കുവരവ് ചെയ്ത് കരമൊടുക്കിയ പ്രകാരം തുടര്‍ന്നും കരം സ്വീകരിക്കാനാണ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് റവന്യൂ അഡീഷണല്‍ ചീഫ്സെക്രട്ടറി നല്‍കിയ ഉത്തരവ്.
വിസ്തീര്‍ണം കുറഞ്ഞാല്‍ കൈവശമുള്ള ഭൂമിയുടെ കരം സ്വീകരിക്കണം. കരമൊടുക്കാന്‍ സമ്മതമാണെന്ന് ഭൂവുടമ എഴുതി നല്‍കണം. വ്യത്യാസം വരുന്ന ഭൂമിയുടെ കരമൊടുക്കാന്‍ താലൂക്ക് ഓഫീസുകളിലെ അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ക്ക് മുന്നില്‍ ആയിരക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. റീസര്‍വേ രേഖകളില്‍ കാണിച്ചിട്ടുള്ള വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലേ പോക്കുവരവ് ചെയ്യാവൂവെന്ന് 1991-ല്‍ റവന്യൂ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ചങ്ങല പിടിച്ച് അളക്കുന്നതിനെക്കാള്‍ കൃത്യതയുള്ള സര്‍വേ രീതികള്‍ വന്നതോടെ റീസര്‍വേയില്‍ അളവുവ്യത്യാസം വരുന്ന കേസുകള്‍ കൂടി.
എന്നാല്‍, പഴയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായില്ല. ഇതാണ് പരാതികള്‍ കൂടാന്‍ കാരണം. 1991-ലെ നിര്‍ദേശം റദ്ദാക്കിയിട്ടുണ്ട്.
Content Highlights: Kerala Land Survey; Excess Land found after Resurvey will given back to the Owner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..