കൽപ്പറ്റ: കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും ധനസഹായവും നൽകാൻ തീരുമാനം. കഴിഞ്ഞ മാസം 25ന് വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജോ എന്ന രാമുവിനാണ് സര്‍ക്കാര്‍ ആനുകൂല്യം നൽകുക. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് സംസ്ഥാന സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള - കർണാടക - തമിഴ്നാട് അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന സായുധരായ മാവോയിസ്റ്റുകൾക്ക് മുമ്പിൽ സർക്കാർ വെച്ചിരിക്കുന്നത് വന്‍ വാഗ്ദാനങ്ങളാണ്‌. കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകൾക്കും വീട്‌, തൊഴിലവസരം, എന്നിവയ്ക്ക് ഒപ്പം ധനസഹായവും നല്‍കും. ഇവരുടെ കേസുകളിൽ സർക്കാർ ഉദാര സമീപനവും കാട്ടും. 2018ലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്. ഈ പാക്കേജ് അടിസ്ഥാനമാക്കിയാണ് ലിജോയ്ക്ക് ആനുകൂല്യം നൽകുക. 

സായുധ സമരം ഉപേക്ഷിച്ച് ഈ പാക്കേജ് അംഗീകരിച്ച് കീഴടങ്ങണമെന്ന് സർക്കാർ മാവോയിസ്റ്റുകളോട് ആഹ്വാനം ചെയ്തു. വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. കീഴടങ്ങാൻ ആഗ്രഹിക്കുന്നവർ ജില്ലാ പോലീസ് മേധാവിയേയോ പ്രദേശത്തെ സർക്കാർ ഓഫീസുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ബന്ധപ്പെടാനാണ് നിർദേശം. ഇത്തരത്തിൽ കീഴടങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്.

Content Highlights: Surrendered Maoist to get house, stipend