ശൗര്യമടങ്ങി;എട്ടുമണിക്കൂര്‍ ദൗത്യത്തിലെ 'സര്‍പ്രൈസ് ഷോട്ട്'; ഇടിച്ചൊതുക്കിയത് കോന്നി സുരേന്ദ്രന്‍


നാലുവർഷത്തിലേറെയായി 'പി.ടി.7' അടക്കവാണിരുന്ന ധോണിയിലെ കോർമ അരിമണിക്കാട്ടിൽ രണ്ട്‌ കുങ്കികളും അധീശത്വം ഉറപ്പിച്ചു

ധോണി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ തയ്യാറാക്കിയ കൂട്ടിലേക്ക് കൊണ്ടുവരുമ്പോൾ ലോറിയിൽ മയങ്ങിനിൽക്കുന്ന ‘പി.ടി.7’ എന്ന കാട്ടാന, 'പി.ടി.7എന്ന കാട്ടാനയെ മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കിയശേഷം ലോറിയിലേക്ക് കയറ്റിയപ്പോൾ പ്രധാന കുങ്കിയാനയായ കോന്നി സുരേന്ദ്രനെ തലോടുന്ന പാപ്പാൻ വൈശാഖ്. മൂന്ന് കുങ്കിയാനകളുണ്ടായിരുന്നെങ്കിലും കോന്നി സുരേന്ദ്രനായിരുന്നു പ്രധാനി

പാലക്കാട്: 'പി.ടി.7' ദൗത്യത്തിന് ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ഉണര്‍ന്ന ധോണി ക്യാമ്പില്‍നിന്ന് കോര്‍മ അരിമണി കാട്ടിലെത്തിയ ദൗത്യസംഘം ആനയെ സമതലപ്രദേശത്ത് കണ്ടെത്തി. ജനവാസമേഖലയില്‍നിന്ന് അരക്കിലോമീറ്ററോളംമാത്രം ഉള്ളിലുള്ള കാട്ടിലായിരുന്നു ആന. തുടര്‍ന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘം തയ്യാറെടുത്തു.

എന്നാല്‍, ശനിയാഴ്ച പുലര്‍ച്ചെമുതല്‍ കൊടുംകാട്ടില്‍ 10 മണിക്കൂറോളം 'പി.ടി.7'-നുപിന്നാലെ നടന്ന് സംഘത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. ആന കുന്നിന്‍ചെരിവില്‍ നിലയുറപ്പിച്ചതോടെയാണ് ശനിയാഴ്ചത്തെ ദൗത്യം പരാജയപ്പെട്ടത്.

ഞായറാഴ്ച രണ്ടുംകല്പിച്ചുതന്നെയായിരുന്നു ദൗത്യസംഘം. ആദ്യദൗത്യം പരാജയമായതോടെ, ഒരു 'സര്‍പ്രൈസ് ഷോട്ടി'നായാണ് കാത്തിരിക്കുന്നതെന്ന് ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് 'പി.ടി.7'-നെ ഒതുക്കത്തില്‍ കൈയില്‍ക്കിട്ടുമെന്ന വിവരം ലഭിച്ചത്. ഉടന്‍തന്നെ ഡോ. അരുണ്‍ സക്കറിയയും ഡോ. അജേഷ് മോഹന്‍ദാസും ഉള്‍പ്പെട്ട സംഘം സ്ഥലത്തേക്ക് കുതിച്ചു.

മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കിയശേഷം ബന്ധിക്കുന്നതിനിടയിൽ തുണിയുപയോഗിച്ച് കണ്ണുകെട്ടി നിർത്തിയിരിക്കുന്നു

 • 'പി.ടി.7'-നെ വളയുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റുരണ്ട് കാട്ടാനകളെയും ദൗത്യസംഘം സ്ഥലത്തുനിന്ന് മാറ്റി
 • മൂന്നായിത്തിരിഞ്ഞ മയക്കുവെടിസംഘം വെടിയേറ്റ് ആന ഓടാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ നിലയുറപ്പിച്ചു.
 • കുങ്കിയെ ഉപയോഗിച്ച് ശ്രദ്ധതിരിച്ചശേഷം 7.03-ന് ആനയുെട 50 മീറ്റര്‍ അടുത്തെത്തി ആദ്യ മയക്കുവെടിവെച്ചു. ഇടതുചെവിക്ക് പിന്നില്‍ മുന്‍കാലിന് മുകളിലായി കാത്തിരുന്ന ആ 'സര്‍പ്രൈസ് ഷോട്ട്' കൊണ്ടു. ഇവിടെ വെടിയേറ്റാല്‍ ആനയ്ക്ക് അധികദൂരം ഓടാനാവില്ല. പിന്‍കാലുകളില്‍ വെടിയേറ്റാല്‍ ഏഴുകിലോമീറ്റര്‍വരെ ആനകള്‍ ഓടാറുണ്ട്.
 • കൃത്യസ്ഥലത്ത് വെടിയേറ്റതോടെ ആന മുക്കാല്‍ കിലോമീറ്റര്‍മാത്രമാണ് ഓടിയത്.
 • ഇതിനിടെ വഴിയില്‍ കാത്തുനിന്ന രണ്ടാമത്തെ സംഘം 8.30-ന് അടുത്ത മയക്കുവെടിയും വെച്ചു.
 • മയങ്ങിത്തുടങ്ങിയ 'പി.ടി.7'-ന്റെ നിയന്ത്രണം കുങ്കിയാനകളായ സുരേന്ദ്രന്‍, ഭരത്, വിക്രം എന്നിവ ഏറ്റെടുത്തു.
 • കറുത്ത മുണ്ടുകൊണ്ട് കണ്ണ് മറച്ചശേഷമാണ് ദൗത്യസംഘം വടം ബന്ധിച്ചത്. ചെറിയ മയക്കത്തിലാണെങ്കിലും ആന ആളുകളെ കാണാതിരിക്കാനാണ് ഇങ്ങനെചെയ്തത്.
 • തുടര്‍ന്ന് സുരക്ഷിതമായി നിര്‍ത്താന്‍ തടികള്‍ കെട്ടി ബലപ്പെടുത്തി തയ്യാറാക്കിയ ലോറിയിലേക്ക് കുങ്കികളുടെ സഹായത്തോടെ കയറ്റി.
 • കോര്‍മ അരിമണിക്കാട്ടില്‍നിന്ന് ആറുകിലോമീറ്റളോളം റോഡുമാര്‍ഗം സഞ്ചരിച്ച് ഉച്ചയ്ക്ക് 12.15-ടെ ആനയെ ധോണി വനം ഡിവിഷന്‍ ഓഫീസ് വളപ്പിലെത്തിച്ചു.
 • തയ്യാറാക്കിയ കൂട്ടിലേക്ക് ഒരുമണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ കയറ്റി.
ഇടിച്ചൊതുക്കിയത് സുരേന്ദ്രൻ

പാലക്കാട്: 'പി.ടി.7'-നെ ഇടിച്ചൊതുക്കിയത് കുങ്കി ‘കോന്നി സുരേന്ദ്രൻ’. ഞായറാഴ്ച രാവിലെ മയക്കുവെടിയേറ്റ് കൊമ്പൻ മയങ്ങുന്നതിന് മുമ്പുതന്നെ കോന്നി സുരേന്ദ്രനും കുങ്കികളായ ഭരതും വിക്രമും തയ്യാറായിനിന്നു. നാലുവർഷത്തിലേറെയായി 'പി.ടി.7' അടക്കവാണിരുന്ന ധോണിയിലെ കോർമ അരിമണിക്കാട്ടിൽ രണ്ട്‌ കുങ്കികളും അധീശത്വം ഉറപ്പിച്ചു. 'പി.ടി.7'-ന്റെ കൂട്ടാളികളായിനിന്ന രണ്ട് ആനകളെയും വിരട്ടിയായിരുന്നു കുങ്കികളുടെ തുടക്കം. പിന്നീട്, വെടിയേറ്റ് ഓടിയ 'പി.ടി.7'-ന് പിന്നാലെ ദൗത്യസംഘത്തിന് വഴിയൊരുക്കിയതും കുങ്കികൾ തന്നെ.

പാതിമയക്കത്തിലും ബലംപിടിച്ചുനിന്ന 'പി.ടി.7'-ന്റെ ഇരുവശത്തും കുങ്കികളായ ഭരതും വിക്രമും നിന്നു. പിന്നിൽനിന്ന കുങ്കി കോന്നി സുരേന്ദ്രൻ താരതമ്യേന ശക്തനായ 'പി.ടി.7'-നെ മസ്തകംകൊണ്ട് ഇടിച്ച് മുന്നോട്ട് നിരക്കിനീക്കി. വനത്തിൽ ലോറിയിലേക്ക് ആനയെ കയറ്റാനായി തയ്യാറാക്കിയ റാമ്പിലെത്തിയപ്പോൾ 'പി.ടി.7'-ന്റെ ബലംപിടുത്തം കൂടുതലായി. പിന്നീട്, ഏറെ പരിശ്രമിച്ച് ലോറിക്ക്‌ അടുത്തെത്തിച്ചെങ്കിലും ലോറിയുടെ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ കൊമ്പൻ തയ്യാറായില്ല. ആദ്യ രണ്ടുവട്ടവും സുരേന്ദ്രൻ ഇടിച്ച് മുന്നോട്ട് നീക്കുമ്പോഴും 'പി.ടി.7' പിന്നോട്ട് വന്നുകൊണ്ടേയിരുന്നു.

ഒടുവിൽ മൂന്നാംവട്ടം ഒറ്റയിടിക്ക് 'പി.ടി.7'-നെ കൂട്ടിലാക്കി സുരേന്ദ്രൻ കരുത്ത് തെളിയിച്ചു. വയനാട്ടിലെ പന്തല്ലൂർ മെക്കന-2 (പി.എം.2) ആനയെ കൂട്ടിലാക്കുന്നതിൽ സുരേന്ദ്രൻ കാണിച്ച മിടുക്ക് ധോണിക്കാട്ടിലും പുറത്തെടുത്തതോടെ 'പി.ടി.7' ലോറിക്കുള്ളിലെത്തി. ഇരുവശത്തും നിന്ന് കുങ്കികളായ ഭരതും വിക്രമും ഇതിന് പിന്തുണയും നല്കി.

പിന്നീട്, ധോണി വനം ഓഫീസിനുസമീപത്തെ ആനക്കൂട്ടിലേക്ക് 'പി.ടി.7'-നെ കയറ്റുന്നതിനും സുരേന്ദ്രനും സഹകുങ്കികളും നിർണായകസഹായമാണ് നല്കിയത്. കൂട്ടിലായ 'പി.ടി.7'ന്റെ പിൻഭാഗത്ത്‌, കോന്നി സുരേന്ദ്രന്റെ പ്രഹരത്തിന്റെ ശക്തി വ്യക്തമാക്കുന്ന പാടും കാണാമായിരുന്നു.

ദൗത്യത്തിന്റെ ദൃശ്യങ്ങള്‍

വനംവകുപ്പിന്റെ വലിയ ദൗത്യങ്ങളിലൊന്ന്
വനംവകുപ്പിന്റെ എക്കാലത്തെയും വലിയ ദൗത്യങ്ങളിലൊന്നായ ‘പി.ടി.7 ഓപ്പറേഷനിൽ’ 76 അംഗ സംഘമാണ് അണിനിരന്നത്. ഡോ. അരുൺ സക്കറിയ, റേഞ്ച് ഓഫീസർ എൻ. രൂപേഷ്, ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങിയ വയനാട് ദൗത്യ സംഘത്തെയും സി.സി.എഫ്. വിജയാനന്ദ്, ഡി.എഫ്.ഒ. കുറശ്രീനിവാസ്,എ.സി.എഫ്. ബി. രഞ്ജിത്ത് അടക്കം ദൗത്യത്തിന് നേതൃത്വംകൊടുത്തവരെയും ഹാരാർപ്പണം നടത്തിയാണ് മന്ത്രി എം.ബി. രാജേഷ് വരവേറ്റത്. നാട്ടുകാരും ഹർഷാരവത്തോടെ സംഘത്തെ വരവേറ്റു.

നാട് വിറച്ച രണ്ടുവർഷം

കാട്ടാനകൾ പലതും നാട്ടിലെത്തിയെങ്കിലും ജനവാസമേഖലയിൽ പതിവായി ഭീതിപടർത്തുന്ന ‘പി.ടി.7’ (പാലക്കാട് ടസ്കർ-7) എന്നപേര്‌ കേട്ടുതുടങ്ങിയത് 2020 മുതലാണ്.

 • 2020-മേയ്-മലമ്പുഴ, ധോണി, മുണ്ടൂർ തുടങ്ങിയ മേഖലകളിൽ കാട്ടാനയെത്തുന്നത് പതിവായി. ജനവാസമേഖലയ്ക്കടുത്തെത്തുന്ന ആനയെ വനംവകുപ്പ് ‘പാലക്കാട് ടസ്കർ- ഏഴ്’ എന്ന് വിളിച്ചുതുടങ്ങി
 • 2021 ഡിസംബർ-15 അക്രമകാരിയായ ‘പി.ടി.7’നെ തേടി വനംവകുപ്പ് ഡ്രോൺ നിരീക്ഷണം തുടങ്ങി. 
 • 2022-ജൂലായ് എട്ട്-പ്രഭാതസവാരിക്കെത്തിയ ധോണി കടുന്തുരുത്തി സ്വദേശി ശിവരാമനെ ഉമ്മിനിയിൽ കാട്ടാന ചവിട്ടിക്കൊന്നു. ആക്രമിച്ചത് ‘പി.ടി.7’ ആണെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അല്ലെന്നായിരുന്നു വനംവകുപ്പിെന്റ നിലപാട്. ഇതോടെ നാട്ടുകാർ ഡി.എഫ്.ഒ. ഓഫീസ് ഉപരോധിച്ചു.
 • 2022 ജൂലായ് മുണ്ടൂർ, പുതുപ്പരിയാരം, വേലിക്കാട്, മണ്ണിൻകാട് ഭാഗങ്ങളിൽ ആനയിറങ്ങി. പ്രദേശത്തെ ബാബുവിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്തു. ക്ഷീരസംഘത്തിലേക്ക് പാലുകൊണ്ടുപോവുകയായിരുന്ന രണ്ടുപേർ ആനയ്ക്കുമുന്നിൽനിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്.
 • 2022 നവംബർ-‘പി.ടി.7’-നെ കൂടൊരുക്കി പിടിക്കാൻ പദ്ധതിയുമായി വയനാട്ടിൽനിന്നുള്ള വിദഗ്ധസംഘം പാലക്കാട്ടേക്ക്. വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ ധോണിയിലേക്ക്.
 • 2022 നവംബർ 29-‘പി.ടി.7’-നെ മെരുക്കാൻ ഭരതൻ, വിക്രം എന്നീ കുങ്കിയാനകളെ എത്തിച്ച് ആർ.ആർ.ടി. സംഘം കാട്ടിലേക്ക്. 
 • 2023 ജനുവരി-ഒന്ന് ധോണിയിൽ കൂടുനിർമിക്കാൻ പദ്ധതി തയ്യാറാക്കി.
വയനാട്ടിലേക്ക് മാറ്റില്ലെന്ന് വനംവകുപ്പ്

 • 2023-ജനുവരി നാല്-ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവുപ്രകാരം 26 അംഗസംഘം ധോണിയിൽ കൂടുനിർമാണം തുടങ്ങി
 • 2023 ജനുവരി എട്ട് കുങ്കിയാനകളുമായി ആർ.ആർ.ടി. സംഘം വീണ്ടും കാട്ടിലേക്ക്. രാത്രി പലഭാഗത്തും ആനയെത്തുന്നുണ്ടെങ്കിലും വലയത്തിലാക്കാൻ കഴിഞ്ഞില്ല
 • 2023-ജനുവരി 14-ജനവാസമേഖലയിൽ രാത്രി വീണ്ടും ‘പി.ടി.7’ എത്തി. വ്യാപക കൃഷിനാശം. മൂപ്പെത്താത്ത നെൽപ്പാടം കൊയ്ത് കർഷകർ. തുടർന്ന്‌ എല്ലാദിവസങ്ങളിലും ജനവാസമേഖലയിൽ വിലസി ‘പി.ടി.7’
 • 2023 ജനുവരി 19- ആനക്കൂടുനിർമാണം പൂർത്തിയായി

Content Highlights: surprise shot' in the eight-hour mission; Konni Surendran was hit-PT7


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented